ടെസ്‌ല ഷോറൂമിൽ നിന്നും ആദ്യ വാഹനം സ്വന്തമാക്കി പ്രതാപ് സർനായിക്; മോഡൽ വൈ ഇനി നിരത്തുകളിൽ
text_fieldsമുംബൈ: രാജ്യത്തെ ടെസ്‌ല ഷോറൂമിൽ നിന്നും ആദ്യത്തെ മോഡൽ വൈ കാർ സ്വന്തമാക്കി മഹാരാഷ്ട്ര ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സർനായിക്. ജൂലൈ 15ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ച ടെസ്‌ല എക്സ്പീരിയൻസ് സെന്ററിൽ നടന്ന ചടങ്ങിലാണ് മന്ത്രി മോഡൽ വൈ കാർ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നത്. മുംബൈയിലെ ഷോറൂമിന് ശേഷം രാജ്യ തലസ്ഥാനമായ ഡൽഹിയിലും ടെസ്‌ല രണ്ടാമത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചിരുന്നു.
ജൂലൈ മാസം ഷോറൂം പ്രവർത്തനം ആരംഭിച്ചയുടൻ മന്ത്രി പ്രതാപ് സർനായിക് മോഡൽ വൈ ബുക്ക് ചെയ്തതായി ടെസ്‌ല മാനേജ്‌മന്റ് പറഞ്ഞു. 'യുവ തലമുറയിലെ ഇലക്ട്രിക് വിപ്ലവമായ ടെസ്‌ലയുടെ മോഡൽ വൈ കാർ സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് കാർ ഡെലിവറി ഏറ്റുവാങ്ങിയ ശേഷം സർനായിക് പറഞ്ഞു. ടെസ്‌ലയുടെ ആദ്യഷോറൂം മുംബൈയിൽ പ്രവർത്തനമാരംഭിച്ചതോടെ മഹാരാഷ്ട്രയുടെ ഇലക്ട്രിക് വിപണിയിൽ വലിയ മാറ്റം കൊണ്ടുവരാൻ കമ്പനിക്ക് സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര ഗതാഗതത്തെകുറിച്ച് യുവാക്കൾക്കിടയിൽ അവബോധം സൃഷ്ട്ടിക്കാൻ വേണ്ടി തന്റെ കൊച്ചുമകന് ഒരു സമ്മാനമായാണ് മോഡൽ വൈ സ്വന്തമാക്കിയത്. വരും കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ മഹാരാഷ്ട്രയിലെ പൗരന്മാരെ ബോധവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ (എം.എസ്.ആർ.ടി.സി) കീഴിൽ 5000 ഇ-ബസുകൾ തങ്ങളുടെ വാഹനനിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർനായിക് പറഞ്ഞു.
അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല മോഡൽ വൈയുടെ രണ്ട് വകഭദങ്ങളുമായാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. രണ്ട് വകഭേദങ്ങളിലും വ്യത്യസ്ഥ ബാറ്ററി പാക്കുകളുമാണ്. റിയർ-വീൽ ഡ്രൈവ് വകഭേദത്തിൽ എത്തുന്ന മോഡൽ വൈ 60kWh ബാറ്ററി കരുത്തുമായാണ് നിരത്തുകളിൽ എത്തുക. ഇത് ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. രണ്ടാം വകഭേദമായ ലോങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് 78.4kWh ബാറ്ററി പാക്കിൽ 622 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു.
അൾട്രാ ഫാസ്റ്റ് ഡി.സി ചാർജർ ഉപയോഗിച്ച് 15 മിനിറ്റ് ചാർജ് ചെയ്താൽ റിയർ-വീൽ ഡ്രൈവ് 238 കിലോമീറ്ററും ലോങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് 267 കിലോമീറ്ററും സഞ്ചരിക്കാൻ പ്രാപ്തമാകുമെന്ന് ടെസ്‌ല അവകാശപ്പെടുന്നുണ്ട്. മോഡൽ വൈ റിയർ-വീൽ ഡ്രൈവിന് 59.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മോഡൽ വൈ ലോങ് റേഞ്ച് റിയർ-വീൽ ഡ്രൈവിന് 67.89 ലക്ഷം (എക്സ് ഷോറൂം) രൂപയും. നിലവിൽ ലഭിക്കുന്ന സ്റ്റീൽത് ഗ്രേ കളർ കൂടാതെ മറ്റ് നിറങ്ങളിലുള്ള മോഡൽ വൈ കാറുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ അധിക പണം നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

