രാജ്യത്ത് ഇനി പി.എം.വികളുടെ കാലം; പേഴ്സണൽ മൊബിലിറ്റി വെഹിക്കിളുമായി ഇന്ത്യൻ കമ്പനി
text_fieldsരാജ്യത്ത് പുതിയൊരു വാഹന വിഭാഗം അവതരിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്. മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പി.എം.വി ഇലക്ട്രിക് അവരുടെ ആദ്യ ഇ.വി അവതരിപ്പിക്കാനൊരുങ്ങുകയാണ്. പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ എന്നാണ് തങ്ങളുടെ വാഹനങ്ങളെ കമ്പനി വിളിക്കുന്നത്.
ഇ.എ.എസ്-ഇ (EaS-E) എന്ന് പേരിട്ടിരിക്കുന്ന വാഹനം നവംബർ 16ന് കമ്പനി അവതരിപ്പിക്കും. നഗരവാസികൾക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കാനാകുന്ന വാഹനമാണ് പുറത്തിറക്കാൻ പോകുന്നതെന്ന് പി.എം.വി ഇലക്ട്രിക് പറയുന്നു. മൂന്ന് വ്യത്യസ്ത മോഡലുകളിൽ പുറത്തിറക്കുന്ന ഇ.എ.എസ്-ഇയുടെ എക്സ് ഷോറൂം വില നാല് ലക്ഷം രൂപ മുതലാണ് ആരംഭിക്കുക.
ഒരു തവണ ചാർജ് ചെയ്താൽ ഇ.എ.എസ്-ഇ 200km വരെ റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പരമാവധി 20hp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 10 Kwh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുള്ളത്. ഇവിയിൽ കോംപാക്റ്റ് "സ്‌മാർട്ട് കാർ" ഡിസൈൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു ക്ലാംഷെൽ ബോണറ്റ്, എൽ.ഇ.ഡി, ഡി.ആർ.എൽ ഉള്ള ഒരു ചതുരാകൃതിയിലുള്ള ഗ്രിൽ, വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പ് യൂനിറ്റുകൾ, വിൻഡ്‌സ്‌ക്രീൻ എന്നിവയും ഉണ്ടാകും.
വലിയ വിൻഡോ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ഫുൾ-വിഡ്ത്ത് ടെയിൽലൈറ്റ് എന്നിവയും വാഹനത്തിലുണ്ട്. മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ഫാബ്രിക് അപ്‌ഹോൾസ്റ്ററിയും ഉള്ള രണ്ട് സീറ്റുള്ള മൈക്രോ ഇ.വി ആണ് ഇ.എ.എസ്-ഇ. ക്രൂസ് കൺട്രോൾ, പവർ വിൻഡോകൾ, മാനുവൽ എ.സി എന്നിവയ്‌ക്കൊപ്പം റിമോട്ട് കീലെസ് എൻട്രിയും ഉണ്ടാകും. മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ, എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത്, യു.എസ്.ബി കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെന്റ് പാനലും സജ്ജീകരിക്കും.
'പുതിയ ഇ.വി ഔദ്യോഗികമായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യൻ കമ്പനി നിർമ്മിച്ച ലോകോത്തര നിലവാരമുള്ള ഇവി ആയരിക്കും ഇത്. പുതിയ മോഡൽ കാർ പുറത്തിറക്കുന്നത് കമ്പനിക്ക് സുപ്രധാന നാഴികക്കല്ലായിരിക്കും. രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ തരംഗമാകുന്നതും ദൈനംദിന ഉപയോഗത്തിന് ഉപകരിക്കുന്നതുമായ വാഹനമാണിത്. പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പുതിയൊരു വിഭാഗം അവതരിപ്പിക്കുന്നതിലും ഞങ്ങൾ പ്രതീക്ഷ വയ്ക്കുന്നുണ്ട്'-പി.എം.വി ഇലക്ട്രിക് സ്ഥാപകൻ കൽപിത് പട്ടേൽ പറഞ്ഞു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

