ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ?; തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ!
text_fieldsവാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യമെത്തുന്ന ചിന്ത ഒരു 'ഇലക്ട്രിക് വാഹനം (ഇവി)' തെരഞ്ഞെടുത്തലോ എന്നാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളരുകയും നിരവധിയായ കമ്പനികളും മോഡലുകളും വിപണിയിൽ എത്തുകയും ചെയ്തതോടെ ഉപഭോക്താക്കൾക്ക് ഇഷ്ട്ട വാഹനം തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ കൂടി. എന്നാൽ, പെട്ടെന്ന് ഒരു ഇലക്ട്രിക് സ്‌കൂട്ടറോ ബൈക്കോ വാങ്ങുന്നതിന് മുൻപ് താഴെ പറയുന്ന അഞ്ച് പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മികച്ച വാഹനം തെരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.
വാഹനം വാങ്ങുന്നതിന്റെ ലക്ഷ്യം (ഉദ്ദേശം)
വാഹനം ഏത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നതിൽ വ്യക്തത ഉണ്ടായിരിക്കണം.
- വാണിജ്യ ആവശ്യങ്ങൾ
സാധനങ്ങൾ എത്തിക്കുന്നതിനും (ഡെലിവറി) മറ്റും ഉപയോഗിക്കുന്നവ. ഇവക്ക് ഭാരം വഹിക്കാനുള്ള ശേഷിയും സ്റ്റോറേജ് സൗകര്യവും കൂടുതലായിരിക്കും. വേഗത കുറഞ്ഞ ഇത്തരം മോഡലുകൾക്ക് വിലയും അടിസ്ഥാന ഫീച്ചറുകളും മാത്രമേ കാണൂ.
- വ്യക്തിഗത ആവശ്യങ്ങൾ
കുറഞ്ഞ വേഗതയുള്ളവ ആയതിനാൽ നഗരത്തിനുള്ളിലെ ചെറിയ യാത്രകൾക്ക് അനുയോജ്യം.
- ഹൈ-സ്പീഡ് മോഡലുകൾ
മികച്ച ഡിസൈൻ, ഉയർന്ന വേഗത, ആധുനിക ഫീച്ചറുകൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന പ്രീമിയം മോഡലുകൾ.
വേഗതയും ദൂരപരിധിയും
- ഡെയ്‌ലി ഡ്രൈവ്
ദിവസവും യാത്ര ചെയ്യുന്നവരാണെങ്കിൽ ഒരു തവണ ചാർജ് ചെയ്താൽ 80 മുതൽ 100 കിലോമീറ്റർ വരെ ദൂരം ഓടുന്ന സ്‌കൂട്ടറുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇത് ദിവസത്തിൽ കൂടുതൽ തവണ ചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കും.
- റോഡിന്റെ സ്വഭാവം
ലോ-സ്പീഡ് ഇവികളുടെ പരമാവധി വേഗത മണിക്കൂറിൽ 25 കി.മീ മാത്രമാണ്. കയറ്റങ്ങളും ഫ്ലൈഓവറുകളും ഉള്ള നഗരങ്ങളിൽ ഇത് പ്രായോഗികമല്ല. അതിനാൽ അത്തരം റോഡുകൾക്ക് ഹൈ-സ്പീഡ് മോഡലുകളാണ് അനുയോജ്യം.
ചാർജിങ് സൗകര്യവും ബാറ്ററി ടൈപ്പും
നിലവിൽ പ്രധാനമായും 3 തരം ബാറ്ററി സംവിധാനങ്ങളാണ് ഉള്ളത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ളത്.
- സ്വാപ്പബിൾ ബാറ്ററികൾ (Swappable Batteries)
ചാർജ് തീർന്ന ബാറ്ററി മാറ്റി ചാർജുള്ള പുതിയ ബാറ്ററി സ്റ്റേഷനുകളിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ മാറ്റിയെടുക്കാം
- റിമൂവബിൾ ബാറ്ററികൾ (Removable Batteries)
സ്കൂട്ടറിൽ നിന്ന് ഊരിയെടുത്ത് വീടുകളിലോ ഓഫീസുകളിലോ കൊണ്ടുപോയി ചാർജ് ചെയ്യാം
- ഫിക്‌സഡ് ബാറ്ററികൾ (Fixed Batteries)
സ്കൂട്ടറിൽ തന്നെ സ്ഥിരമായി ഘടിപ്പിച്ചിരിക്കുന്നവ. ഇവ ചാർജ് ചെയ്യാൻ വീടിന് പുറത്തോ പാർക്കിങ് ഏരിയയിലോ കൃത്യമായ ചാർജിങ് പോയിന്റ് സൗകര്യം ആവശ്യമാണ്.
വിലയും സബ്‌സിഡിയും
നിങ്ങൾ തെരഞ്ഞെടുക്കുന്ന മോഡലിനനുസരിച്ച് 50,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വിലയിൽ മാറ്റമുണ്ടാകാം
- ബജറ്റ് / ലോ-സ്പീഡ് മോഡലുകൾ
ഹീറോ ഇലക്ട്രിക് ഒപ്റ്റിമ, ഒകിനാവ R30 തുടങ്ങിയ മോഡലുകളുടെ പ്രാരംഭ എക്സ് ഷോറൂം വില ഏകദേശം 60,000 രൂപയോളമാണ്.
- പ്രീമിയം / ഹൈ-സ്പീഡ് മോഡലുകൾ
ഏഥർ, ടിവിഎസ്, ഒല, ബജാജ് എന്നിവയുടെ പ്രീമിയം മോഡലുകൾക്ക് ഒരു ലക്ഷം രൂപക്ക് മുകളിലാണ് വില വരുന്നത്. ഈ വിലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡികളും ഉൾപ്പെടുന്നുണ്ട്.
ആഫ്റ്റർ സെയിൽസ് സേവനവും മെയിന്റനൻസും
പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് എൻജിൻ ഇല്ലാത്തതിനാൽ സർവീസിങ് ചെലവ് വളരെ കുറവാണ്. സാധാരണയായി ബ്രേക്ക് പാഡുകളും ടയറുകളും മാത്രമാണ് മാറ്റേണ്ടി വരാറുള്ളത്. എങ്കിലും, ഏതാനും വർഷത്തെ ഉപയോഗത്തിന് ശേഷം ബാറ്ററി മാറ്റേണ്ടി വന്നേക്കാം. അതിനാൽ വാഹനം വാങ്ങുന്നതിന് മുൻപ് അടുത്തുള്ള സെന്ററുകളുടെ ലഭ്യത, സർവീസ് നെറ്റ്‌വർക്ക്, മെയിന്റനൻസ് വ്യവസ്ഥകൾ എന്നിവ കൃത്യമായി അന്വേഷിച്ച് ഉറപ്പുവരുത്തുക.

