ഇന്ത്യയുടെ വാണിജ്യനഗരമായ മുംബൈയിൽ പെട്രോൾ 91 രൂപയിലെത്തി. മുംബൈയിൽ പെട്രോളിന് 91.07 ഉും ഡീസലിന് 81.34 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 84.45 ഉും ഡീസലിന് 74.63 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോളിന്‍റെ ഏറ്റവും ഉയർന്ന വിലയാണിത്. മുംബൈയിൽ ഡീസൽ റെക്കോർഡ് വിലനിലവാരത്തിലാണുള്ളത്.
എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 പൈസ വീതം ഉയർത്തിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ജനുവരി ആറിന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചിരുന്നു. ഇതോടെയാണ് ഇന്ധനവില വർധിക്കാനാരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യ തലസ്ഥാനത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയവില രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ലിറ്ററിന് 23 പൈസ വർധനിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയിലെത്തി. ഇത് ഡൽഹിയിലെ എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു. 2018 ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് 84 രൂപയായതായിരുന്നു ഇതിനുമുമ്പുള്ള റെക്കോർഡ് നിരക്ക്. അന്ന് ഡീസലും വിലയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു- 75.45 രൂപ.
അന്താരാഷ്ട്ര വിലയേയും വിദേശനാണ്യത്തെയും അടിസ്ഥാനമാക്കി ഇന്ധന നിരക്കുകൾ ദിവസേന പരിഷ്കരിക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഇന്ധനവിലയുടെ പ്രധാന പങ്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തിയ എക്സൈസ് തീരുവയും വാറ്റും ആണ്. വാറ്റ് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ഇന്ധനത്തിന്‍റെ വിലയും രാജ്യത്തുടനീളം വ്യത്യാസപ്പെടുന്നു.