രാജ്യത്തെ ആദ്യ സെൽഫ് ഡ്രൈവിങ് ഓട്ടോറിക്ഷയുമായി ഒമേഗ സെയ്കി
text_fieldsഒമേഗ സെയ്കി ഓട്ടോറിക്ഷ
രാജ്യത്തെ ഇലക്ട്രിക് ത്രീ-വീലർ നിർമാതാക്കളായ ഒമേഗ സെയ്കി മൊബിലിറ്റിയുടെ സെൽഫ് ഡ്രൈവിങ് ഓട്ടോറിക്ഷയായ 'സ്വയംഗതി' വിപണിയിൽ അവതരിപ്പിച്ചു. പാസഞ്ചർ, കാർഗോ വകഭേദത്തിൽ വിപണിയിൽ എത്തുന്ന ഇലക്ട്രിക് ത്രീ-വീലർ രാജ്യത്തെ ആദ്യ സെൽഫ്-ഡ്രൈവിങ് സംവിധാനമുള്ള ഓട്ടോറിക്ഷയാണ്. പാസഞ്ചർ മോഡലിന് നാല് ലക്ഷം രൂപയും കാർഗോ വകഭേദത്തിന് 4.15 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഒമേഗ സെയ്കി മൊബിലിറ്റി സ്വയംഗതി 10.3 kWh ബാറ്ററി പാക്കിലാണ് വിപണിയിൽ എത്തുന്നത്. ഇത് ഒറ്റചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ ഇ.വി ഓട്ടോറിക്ഷയുടെ ചാർജിങ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഒമേഗ സെയ്കിയുടെ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിനെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (എ.ഐ) മെച്ചപ്പെടുത്തിയ ഓട്ടോണോമി സിസ്റ്റവുമായി സ്വയംഗതി ത്രീ-വീലർ സംയോജിപ്പിക്കുന്നു. ഈ സജ്ജീകരണത്തിൽ ജി.പി.എസ്, ലി-ഡാർ സാങ്കേതികവിദ്യ, മൾട്ടി-സെൻസർ നാവിഗേഷൻ, ആറ് മീറ്റർ വരെ തടസ്സം കണ്ടെത്തൽ, റിമോട്ട് സുരക്ഷാ സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഡ്രൈവറുടെ ആവിശ്യമില്ലാതെ വാഹനത്തിന് മുൻകൂട്ടി റൂട്ട് സെറ്റ് ചെയ്ത വഴികളിലൂടെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു.
ആദ്യഘട്ട പരീക്ഷണത്തിൽ സ്വയംഗതി ഏഴ് സ്റ്റോപ്പുകളുള്ള 3 കിലോമീറ്റർ യാത്ര പൂർത്തിയാക്കി. ഇതിൽ തത്സമയ തടസങ്ങൾ കണ്ടെത്തി യാത്രക്കാരെ സുരക്ഷിതമായി യഥാർത്ഥ സ്ഥലങ്ങളിൽ എത്തിക്കാൻ വാഹനത്തിന് സാധിച്ചു. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതോടെ രണ്ടാംഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി.
വിമാനത്താവളങ്ങൾ, ടെക് പാർക്കുകൾ, സ്മാർട്ട് സിറ്റികൾ, വ്യാവസായിക മേഖലകൾ തുടങ്ങിയ ചെറിയ യാത്രകൾ ലക്ഷ്യമാക്കിയാണ് ഒമേഗ സെയ്കി മൊബിലിറ്റി സ്വയംഗതി ഓട്ടോറിക്ഷ വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച ഈ ത്രീ-വീലർ അടുത്ത രണ്ട് വർഷംകൊണ്ട് 1,500 യൂനിറ്റുകളുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

