
എക്സ്.യു.വി ജാവലിൻ എഡിഷൻ യഥാർഥ അവകാശിയെ തേടിയെത്തി; 'ഇതുമായി ഉടൻ കറങ്ങണ'മെന്നും താരം
text_fieldsമഹീന്ദ്ര എക്സ്.യു.വി 700െൻറ ജാവലിൻ ഗോൾഡ് എഡിഷൻ ഒളിമ്പ്യൻ നീരജ് ചോപ്രക്ക് കൈമാറി. ടോക്കിയോ ഒളിമ്പിക്‌സ് 2020ലെ സ്വർണമെഡൽ ജേതാക്കൾക്കുവേണ്ടി മഹീന്ദ്ര പ്രത്യേകം തയ്യാറാക്കിയ വാഹനമാണ് എക്സ്.യു.വി 700െൻറ ജാവലിൻ ഗോൾഡ് എഡിഷൻ. വാഹനത്തിന് നീരജ് ചോപ്ര മഹീന്ദ്രയോട് നന്ദി പറഞ്ഞു. 'നന്ദി ആനന്ദ് മഹീന്ദ്ര, ഇത്തരമൊരു വാഹനം സമ്മാനിച്ചതിന്. ഉടൻ തന്നെ കാറുമായി ഒരു കറക്കം നടത്താൻ ആഗ്രഹമുണ്ട്'-നീരജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
കാറിന്റെ വശത്ത് ജാവലിൻ എറിയുന്ന നീരജിെൻറ ചിത്രവും ഒളിമ്പിക്സിൽ പിന്നിട്ട 87.58 മീറ്റർ ദൂരവും രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഒളിമ്പ്യൻ സുമിത് ആന്റിലിനും വാഹനം കൈമാറിയിരുന്നു. 2020 സമ്മർ പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്64 വിഭാഗത്തിൽ സുമിത് സ്വർണ്ണം നേടിയിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സ് 2020ലെ സ്വർണമെഡൽ ജേതാക്കൾക്ക് എക്സ്.യു.വി സമ്മാനിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജാവലിൻ എഡിഷൻ എന്ന പേരിൽ പ്രത്യേക വാഹനം പുറത്തിറക്കുകയും ചെയ്തു. പ്രത്യേക നിറവും ബാഡ്ജിങ്ങും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിനായി ഗോൾഡൻ തീമും മഹീന്ദ്ര ആവിഷ്കരിച്ചിരുന്നു. തൊലിപ്പുറത്തെ മാറ്റങ്ങൾ മാത്രമാണ് വാഹനത്തിനുള്ളത്. മറ്റ് പ്രത്യേകതകളെല്ലാം സാധാരണ മോഡലുകൾക്ക് സമാനമാണ്.
എക്സ്.യു.വി 700 ലോഞ്ച് ചെയ്തതിന് ശേഷം ഇതിനകം 65,000 ബുക്കിങുകൾ ലഭിച്ചതായി കമ്പനി നേരത്തെ പറഞ്ഞിരുന്നു. സാധാരണ ഉപഭോക്തൃ ഡെലിവറികളും ആരംഭിച്ചിട്ടുണ്ട്. 2022 ജനുവരി 14നകം കുറഞ്ഞത് 14,000 എക്സ്.യു.വി700 കൾ നിരത്തിൽ എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. 12.49 ലക്ഷം മുതൽ 22.89 ലക്ഷംവരെയാണ് എക്സ്.യു.വിയുടെ എക്സ്ഷോറും വില.