വേറിട്ട പരീക്ഷണവുമായി ഒല: റോഡ്സ്റ്റർ ബൈക്ക് ബുധനാഴ്ച പുറത്തിറങ്ങും
text_fieldsറോഡ്‌സ്റ്റർ എക്‌സ് ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക്. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ്, ഒല അവരുടെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ബൈക്കിന്റെ നിർമാണം സംബന്ധിച്ച വാർത്തകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഇലക്ട്രിക് ബൈക്കുകൾക്കൊപ്പം കഴിഞ്ഞ വർഷം ആഗോള പ്രീമിയർ ആക്കി ഇറക്കാനുദ്ദേശിച്ചെങ്കിലും ഡെലിവറി ആരംഭിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല.
ബൈക്ക് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എല്ലാ വേരിയന്റുകളുടെയും വില ഒല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡ്‌സ്റ്റർ എക്‌സ് എൻട്രി ലെവൽ വേരിയന്റാണ്. എക്‌സിന് തന്നെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട് (2.5 കെഡബ്ല്യുഎച്ച്, 3.5 കെഡബ്ല്യുഎച്ച്, 4.5 കെഡബ്ല്യുഎച്ച്). 74,999 മുതൽ 99,999 രൂപ വരെയാണ് ഈ വേരിയന്റുകളുടെ എക്സ്-ഷോറൂം വില.
മിഡ് വേരിയന്റായ റോഡ്സ്റ്ററിനും 3 ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട് (3.5 കെഡബ്ല്യുഎച്ച്, 4.5 കെഡബ്ല്യുഎച്ച്, 6 കെഡബ്ല്യുഎച്ച്). 1.05 ലക്ഷം രൂപ മുതൽ 1.40 ലക്ഷം വരെയാണ് റോഡ്സ്റ്ററിന്റെ എക്സ്-ഷോറൂം വില. ഏറ്റവും ടോപ് വേരിയന്റായ റോഡ്സ്റ്റർ പ്രോക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത് (8 കെഡബ്ല്യുഎച്ച്, 16 കെഡബ്ല്യുഎച്ച്). 1,99,999 രൂപ എക്സ്-ഷോറൂം വിലയിൽ തുടങ്ങി 2,49,999 വരെയാണ് പ്രോയുടെ വില.
ഒല റോഡ്‌സ്റ്റർ എക്സിന് 14 എച്ച്‌പി കരുത്തുമായി മണിക്കൂറിൽ 124 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 2.8 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗം കൈവരിക്കാനും കഴിയും. ബുധനാഴ്ച രാവിലെ 10.30ന് ഒല ഇലക്ട്രിക് റോഡ്സ്റ്റർ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.