സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച്! 1.30 ലക്ഷം രൂപ പ്രാരംഭ വില; ഇന്ത്യയിലെ ആദ്യ 'ഭാരത് സെൽ' ഇലക്ട്രിക് സ്കൂട്ടറുമായി ഓല
text_fieldsഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത '4680 ഭാരത് സെൽ' സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ഓല S1 X+ (5.2 kWh) മോഡൽ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
5.2 kWh ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള പുതിയ സ്കൂട്ടർ ഒറ്റത്തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ വരെ റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മണിക്കൂറിൽ 125 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗത. 11 kW മിഡ്-ഡ്രൈവ് മോട്ടോറാണ് S1 X+ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്ക്-ബൈ-വയർ (Brake-by-Wire) സിസ്റ്റം, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, ഇന്റഗ്രേറ്റഡ് MCU എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.
1,29,999 രൂപയെന്ന (എക്സ്-ഷോറൂം) ആകർഷകമായ പ്രാരംഭ വിലയാണ് സ്കൂട്ടറിന് ഇപ്പോൾ നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ 15ന് ശേഷം ഈ വില പുതുക്കി നിശ്ചയിക്കുമെന്ന് കമ്പനി അറിയിച്ചു. 'ഞങ്ങളുടെ ഏറ്റവും നൂതനമായ 4680 ഭാരത് സെൽ സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് ഒല ലക്ഷ്യമിടുന്നത്. പ്രകടനവും മൈലേജും ഒരുപോലെ ഒത്തിണങ്ങുന്ന ഈ സ്കൂട്ടർ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് കരുത്തേകും' -ഓല ഇലക്ട്രിക് വക്താവ് പറഞ്ഞു.
നിലവിൽ ജെൻ 3 വിഭാഗത്തിൽപ്പെട്ട വിവിധ മോഡലുകൾ ഒലക്കുണ്ട്. പ്രീമിയം വിഭാഗത്തിൽ S1 Pro+, S1 Pro (3 kWh മുതൽ 5.2 kWh വരെ) എന്നിവക്ക് പുറമെ S1 X+ (4 kWh), S1 X (2 kWh മുതൽ 4 kWh വരെ) മോഡലുകളും വിപണിയിൽ ലഭ്യമാണ്. കൂടാതെ റോഡ്‌സ്റ്റർ (4.5 kWh, 9.1 kWh), റോഡ്‌സ്റ്റർ X (2.5 kWh മുതൽ 4.5 kWh വരെ) എന്നി ഇലക്ട്രിക് ബൈക്കുകളും ഒലക്കുണ്ട്. സ്വന്തമായി സെല്ലുകൾ നിർമ്മിക്കുന്നതിലൂടെ നിർമാണ ചെലവ് കുറക്കാനും ഗുണമേന്മയുള്ള ബാറ്ററികൾ വേഗത്തിൽ വിപണിയിൽ എത്തിക്കാനും സാധിക്കുമെന്നാണ് ഓലയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

