ഒല ഉപഭോക്താക്കളെ... ഇനിമുതൽ സർവീസ് മുടങ്ങില്ല!
text_fieldsഒല ഇലക്ട്രിക് സ്കൂട്ടർ
രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച ഇന്ത്യൻ നിർമാണ കമ്പനിയാണ് ഒല ഇലക്ട്രിക്. 2017ൽ ഭാവിഷ് അഗർവാൾ സ്ഥാപിച്ച ഒല ഇലക്ട്രികിന്റെ എസ്1, എസ്1 പ്രൊ മോഡലുകൾ രാജ്യത്ത് റെക്കോഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. എന്നാൽ വിൽപ്പന ചെയ്ത വാഹനങ്ങൾക്ക് കൃത്യമായി സർവീസ് നടത്താനും സ്കൂട്ടറിന്റെ പാർട്സുകൾ യഥാക്രമം ലഭ്യമാക്കാനും കമ്പനിക്ക് സാധിച്ചില്ല. ഇതിനിടയിൽ നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളും കമ്പനി നേരിട്ടു. ഇതിനൊരു പരിഹാരവുമായാണ് ഒല ഇലക്ട്രിക് രംഗത്തെത്തുന്നത്.
ഒലയുടെ പുതിയ സേവന തന്ത്രമനുസരിച്ച് കമ്പനി സർവീസ് സെന്ററുകളെ കൂടാതെ മൂന്നാം കക്ഷി ഗാരേജുകൾക്കും ഇനിമുതൽ സ്കൂട്ടറുകൾ സർവീസ് നടത്താം. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് നേരിട്ട് യഥാർത്ഥ സ്പെയർ പാർട്സ് വാങ്ങിക്കാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സർവീസ് ശൃംഖലയിൽ നിരത്തുകളിൽ എത്തിയ സ്കൂട്ടറുകളെ ഉൾകൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ നീക്കം. കൃത്യമായി സർവീസ് നൽകാത്തതിനാൽ വിൽപ്പനയിൽ കുത്തനെ ഇടിവ് സംഭവിച്ചതായും കമ്പനി കണ്ടെത്തി.
സെപ്റ്റംബർ മാസത്തിലെ വിൽപ്പനയുടെ വിശകലനങ്ങൾ പരിശോധിച്ച ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് പുതിയ നയം വിശദീകരിച്ചത്. ഒല ഇലക്ട്രികിന്റെ യഥാർത്ഥ സ്പെയർ പാർട്സുകൾ ഉപഭോക്ത ആപ്പിലൂടെയും വെബ്സൈറ്റ് വഴിയും നേരിട്ട് വാങ്ങിക്കാൻ കഴിയും. ഇവ മാറ്റിസ്ഥാപിക്കാൻ കമ്പനി സർവീസ് സെന്ററുകളെ മാത്രം ആശ്രയിക്കാതെ കമ്പനി സാക്ഷ്യപ്പെടുത്തിയ മറ്റ് സർവീസ് സെന്ററുകളിലും ഉപഭോക്താക്കൾക്ക് നേരിട്ട് പോകാമെന്ന് ഭാവിഷ് അഗർവാൾ പറഞ്ഞു.
ഹൈപ്പർ സർവീസ് എന്ന് വിശേഷിപ്പിക്കുന്ന പുതിയ പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ഒലയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പാക്കുകയും അടുത്ത ഘട്ടത്തിൽ മറ്റ് സർവീസ് സെന്ററുകളിൽ ടെക്‌നിഷ്യൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ സ്വതന്ത്ര സർവീസ് സെന്ററുകൾക്ക് കമ്പനി സർവീസ് സെന്ററുകളുടെ അതേ നിലവാരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ഭാവിഷ് അഗർവാൾ പറഞ്ഞു. പരിശീലനം ലഭിച്ച ഇലക്ട്രിക് വാഹന സാങ്കേതിക വിദഗ്ധരുടെ അഭാവമാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

