ഒലയും ഉബറും വിയർക്കും; വിയറ്റ്നാമീസ് ഇവി ടാക്സി സർവീസ് 'ഗ്രീൻ എസ്എം' ഇന്ത്യയിലേക്ക്!
text_fieldsഇന്ത്യയിലെ മൊബൈൽ അപ്ലിക്കേഷൻ അധിഷ്ഠിത ടാക്സി വിപണി കീഴടക്കാൻ വിയറ്റ്നാമിൽ നിന്നുള്ള വമ്പന്മാർ എത്തുന്നു. പ്രമുഖ വിയറ്റ്നാമീസ് കമ്പനിയായ വിൻഗ്രൂപ്പിന്റെ (VinGroup) കീഴിലുള്ള പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ടാക്സി സർവീസായ 'ഗ്രീൻ എസ്എം' (Green SM) ആണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ വിപണി ഭരിക്കുന്ന ഒല (Ola), ഉബർ (Uber) തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകും ഗ്രീൻ എസ്എം ഉയർത്തുക.
2026 ജൂൺ 5ന് ന്യൂഡൽഹിയിൽ വെച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. പ്രാഥമിക ഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ (Delhi-NCR) മേഖല കേന്ദ്രീകരിച്ചായിരിക്കും ഗ്രീൻ എസ്എം സർവീസ് ആരംഭിക്കുക. ഇതിനുശേഷം ഘട്ടങ്ങളായി മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ ജി.എസ്.എം (GSM - Green and Smart Mobility) എന്ന പേരിലാണ് ഈ സർവീസ് അറിയപ്പെടുന്നത്.
പ്രശസ്ത ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast), വിൻഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ്. അതിനാൽത്തന്നെ വിൻഫാസ്റ്റിന്റെ അത്യാധുനിക ഇലക്ട്രിക് കാറുകളായിരിക്കും ഗ്രീൻ എസ്എം ടാക്സി സർവീസിനായി ഉപയോഗിക്കുക. വിൻഫാസ്റ്റ് വിഎഫ് എം.പി.വി 7 (VF MPV 7) മോഡലിനെ അടിസ്ഥാനമാക്കിയുള്ള 'ലിമോ ഗ്രീൻ' (Limo Green) 7 സീറ്റർ ഇലക്ട്രിക് എം.പി.വി ആയിരിക്കും ഇതിനായി ആദ്യഘട്ടത്തിൽ നിരത്തിലിറക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 517 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ലിമോ ഗ്രീൻ എം.പി.വി.
എന്തുകൊണ്ട് മറ്റ് ടാക്സികളിൽ നിന്നും വ്യത്യസ്തം?
ഒല, ഉബർ തുടങ്ങിയ പരമ്പരാഗത ടാക്സി പ്ലാറ്റ്‌ഫോമുകളിൽ ഡ്രൈവർമാരുടെ സ്വന്തം വാഹനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. എന്നാൽ ഗ്രീൻ എസ്എം പൂർണമായും കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും കമ്പനി നേരിട്ട് നിയന്ത്രിക്കുന്നതുമായ രീതിയിലാണ് പ്രവർത്തിക്കുക. വാഹനങ്ങളുടെ ഗുണനിലവാരം, ഡ്രൈവർമാരുടെ പെരുമാറ്റം, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, വാഹനങ്ങളുടെ കൃത്യമായ പരിപാലനം എന്നിവയെല്ലാം കമ്പനി നേരിട്ട് ഉറപ്പുവരുത്തും.
ഡ്രൈവർമാർക്ക് കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകി കമ്പനി നേരിട്ട് നിയമിക്കുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ സേവനം ലഭ്യമാകും. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ നേരിട്ട് ടാക്സി സർവീസിനായി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വിൻഫാസ്റ്റ് ബ്രാൻഡിന് വേഗത്തിൽ ജനപ്രീതി നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

