100% എഥനോളിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ്! ഫ്ലെക്സ്-ഫ്യുവൽ വേരിയന്റ് ഒക്ടോബറിൽ
text_fieldsടൊയോട്ട ഇന്നോവ ഹൈക്രോസ്
ന്യൂഡൽഹി: പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോറ്റ ഇന്നോവ ഹൈക്രോസ് ഫ്ലെക്സ്-ഫ്യുവൽ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഒരൊറ്റ തുള്ളി പെട്രോളിന്റെ പോലും സഹായമില്ലാതെ 100 ശതമാനം എഥനോളിൽ സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ എംപിവിയുടെ (MPV) ഔദ്യോഗിക ലോഞ്ചിലേക്ക് കമ്പനി തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
2023ലാണ് ടൊയോറ്റ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ സാങ്കേതികവിദ്യയിലുള്ള ഇന്നോവ ഹൈക്രോസിന്റെ പ്രോട്ടോടൈപ്പ് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. സസ്യങ്ങളിൽ അധിഷ്ഠിതമായി നിർമിക്കുന്ന E100 എഥനോൾ ഇന്ധനത്തിലാണ് വാഹനം പൂർണമായും പ്രവർത്തിക്കുന്നത്. കൂടാതെ, ഈ എംപിവി പ്രവർത്തിക്കുമ്പോൾ തന്നെ ആവശ്യമായ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുന്ന രീതിയിലാണ് ഹൈബ്രിഡ് ടെക്നോളജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തെ 19-ഓളം രാജ്യങ്ങളിൽ നിലവിൽ എഥനോൾ ഇന്ധനം വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എഥനോൾ വാഹന രംഗത്ത് ടൊയോട്ടക്ക് പുറമെ മറ്റ് മുൻനിര വാഹന നിർമാതാക്കളും സജീവമാണ്. മാരുതി സുസൂക്കി അടുത്തിടെ തങ്ങളുടെ വാഗൺആർ ബയോഫ്ലെക്സ് (WagonR Bioflex) മോഡൽ 7.24 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചിരുന്നു. ടോപ്പ് വേരിയന്റായ ZXi+ 1.2 ലിറ്റർ പതിപ്പിനെ അടിസ്ഥാനമാക്കി നിർമിച്ച വാഹനം E20 മുതൽ E85 വരെയുള്ള എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ പ്രാപ്തമാണ്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 86,000 രൂപയുടെ വ്യത്യാസമാണ് ബയോഫ്ലെക്സ് പതിപ്പിന്.
ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മലിനീകരണം കുറക്കാനും ക്രൂഡ് ഓയിൽ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന മറ്റ് പദ്ധതികളും വിശദീകരിച്ചു.
പെട്രോൾ ഇന്ധനകളെ ആശ്രയിക്കാതെ ഹൈഡ്രജൻ പോലുള്ള ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി മധ്യപ്രദേശിൽ പത്ത് റൂട്ടുകളിൽ ഹൈഡ്രജൻ ബസുകൾ ഉടൻ സർവീസ് ആരംഭിക്കും. കൂടാതെ, വാഹന ഉപയോക്താക്കൾക്ക് മാതൃകയായി ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ടൊയോട്ട മിറായ് (Toyota Mirai) കാറാണ് നിതിൻ ഗഡ്കരി നിലവിൽ ഉപയോഗിക്കുന്നതെന്നതും ശ്രദ്ദേയമാണ്.
പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി 57,000 കോടി രൂപയുടെ നിക്ഷേപത്തിൽ 10,000 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. കൂടാതെ, വേസ്റ്റ്-ടു-സിഎൻജി (Waste-to-CNG) പ്രോജക്ടുകൾ, വെഹിക്കിൾ സ്ക്രാപ്പേജ് നയം, ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ, ബസുകളിലെ ഭിന്നശേഷി സൗഹൃദ മാറ്റങ്ങൾ എന്നിവയും വേഗത്തിലാക്കാൻ സർക്കാർ ശ്രമങ്ങൾ തുടങ്ങി. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഓടിക്കാൻ അനുമതി നൽകുന്ന കാര്യവും പരിഗണനയിലാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

