ന്യൂഡൽഹി: ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഗതാഗത മന്ത്രാലയം. ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ ഇനി പൂർണമായും ഓൺലൈനിലൂടെ നൽകാം. ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകളും രേഖകളും ഇനി ലൈസൻസിനായി ഉപയോഗിക്കുകയും ചെയ്യാം. ലേണേഴ്സ് ടെസ്റ്റിനുള്ള പരീക്ഷയും ഓൺലൈനായി അഭിമുഖീകരിക്കാം.
ഇതിനൊപ്പം വാഹനങ്ങളുടെ രജിസ്ട്രേഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. താൽക്കാലിക രജിസ്ട്രേഷന്റെ കാലാവധി ഒരു മാസത്തിൽ നിന്ന് ആറ് മാസമാക്കി ഉയർത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ ഇനി 60 ദിവസങ്ങൾക്ക് മുമ്പ് തന്നെ നടത്താം.
നേരത്തെ ഡ്രൈവിങ് ലൈസൻസ് ഉൾപ്പടെയുള്ളവയുടെ കാലാവധി കേന്ദ്ര ഗതാഗത മന്ത്രാലയം നീട്ടി നൽകിയിരുന്നു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ എന്നിവയുടെയെല്ലാം കാലാവധി ജൂൺ 30 വരെയാണ് നീട്ടിയത്.