ഫുൾ ടാങ്ക് ഇന്ധനത്തിൽ 1,980 കിലോമീറ്റർ പിന്നിട്ട് ഗിന്നസ് റെക്കോർഡ്! ചരിത്രമെഴുതി നിസാൻ ഖാഷ്‌ഖയ്
text_fieldsനിസാൻ ഖാഷ്‌ഖയ്
ജാപ്പനീസ് ഓട്ടോ ഭീമന്മാരായ നിസാൻ മോട്ടോഴ്സിന്റെ കരുത്തുറ്റ ഹൈബ്രിഡ് എസ്.യു.വി ഖാഷ്‌ഖയ് ചരിത്രം തിരുത്തി ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ. നിർമാതാക്കൾ തങ്ങളുടെ സവിശേഷമായ 'ഇ-പവർ' (e-POWER) ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫുൾ ടാങ്ക് ഇന്ധനത്തിൽ 1,980 കിലോമീറ്റർ പിന്നിട്ടാണ് റെക്കോർഡ് കരസ്ഥമാക്കിയത്. എക്സ്റ്റേണൽ ചാർജിങ്ങോ വീണ്ടും ഇന്ധനം നിറക്കുകയോ ചെയ്യാതെ ഒറ്റ തവണ മാത്രം ഇന്ധനം ടാങ്കിൽ നിറച്ചാണ് 1,980 കിലോമീറ്റർ ദൂരം പിന്നിട്ടതെന്നാണ് ഖാഷ്‌ഖയ് എസ്.യു.വിയുടെ പ്രത്യേകത. ഖാഷ്‌ഖയിയുടെ 55 ലിറ്റർ ഫ്യുവൽ ടാങ്ക് കണക്കിലെടുക്കുമ്പോൾ, ഈ നേട്ടം ലിറ്ററിൽ ഏകദേശം 36 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
2026 ജൂലൈ 14നും 17നും ഇടയിലാണ് കൊളംബിയയിൽ വാഹനത്തിന്റെ റേഞ്ച് പരീക്ഷിച്ചുള്ള യാത്ര നടന്നത്. ബൊഗോട്ടയിൽ നിന്ന് ആരംഭിച്ച് കരീബിയൻ തീരത്ത് അവസാനിച്ച ഈ റൂട്ട്, പ്ലഗ്-ഇൻ ചാർജിങ്ങോ റീഫ്യൂവലിങ്ങോ ഇല്ലാതെ ഒരു നോൺ-പ്ലഗ്-ഇൻ എക്സ്റ്റെൻഡഡ്-റേഞ്ച് ഇലക്ട്രിക് എസ്.യു.വി പൂർത്തിയാക്കുന്ന ഏറ്റവും ദൂരമേറിയ യാത്രയായി അംഗീകരിക്കപ്പെട്ടു. വ്യത്യസ്തമായ റോഡുകൾ, നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾ എന്നിവയിലൂടെയായിരുന്നു നിസാൻ ഖാഷ്‌ഖയ് യാത്ര നടത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മീറ്റർ ഉയരത്തിലുള്ള ബൊഗോട്ടയിൽ യാത്ര ആരംഭിച്ചതിനാൽ, കരീബിയൻ തീരത്തേക്കുള്ള തുടർച്ചയായ ഇറക്കങ്ങൾ വാഹനത്തിന് റീജനറേറ്റീവ് ബ്രേക്കിങ് വഴി കൂടുതൽ ഊർജ്ജം വീണ്ടെടുക്കാൻ സഹായകരമായി.
പരമ്പരാഗത ഹൈബ്രിഡുകളിൽ നിന്ന് ഇ-പവർ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?
നിസാന്റെ ഇ-പവർ സിസ്റ്റത്തെ സാധാരണ ഹൈബ്രിഡുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ കരുത്ത് വിതരണം ചെയ്യുന്ന രീതിയാണ്. പരമ്പരാഗത ഹൈബ്രിഡുകളിൽ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും നേരിട്ട് ചക്രങ്ങളെ ചലിപ്പിക്കുമ്പോൾ, ഇ-പവറിൽ ചക്രങ്ങൾ ചലിക്കുന്നത് പൂർണമായും ഒരു ഇലക്ട്രിക് മോട്ടോർ മാത്രമാണ്. അതേസമയം, പെട്രോൾ എൻജിൻ ഒരിക്കലും ചക്രങ്ങളെ നേരിട്ട് ചലിപ്പിക്കുന്നില്ല. പകരം, ബാറ്ററി ചാർജ് ചെയ്യാനും ഇലക്ട്രിക് മോട്ടോറിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനും മാത്രമുള്ള ഒരു ജനറേറ്ററായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.
ഇലക്ട്രിക് മോട്ടോർ, ജനറേറ്റർ, ഇൻവെർട്ടർ, റെഡ്യൂസർ, ഇങ്ക്രീസർ എന്നിവ ഒരൊറ്റ പാക്കേജിൽ ഉൾപ്പെടുന്ന 5-ഇൻ-1 മോഡുലാർ നൂതന കോംപാക്റ്റ് സിസ്റ്റമാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ സുഗമമായ ഡ്രൈവിങ് അനുഭവവും, അതേസമയം പരമ്പരാഗത പെട്രോൾ കാറുകളുടെ റീഫ്യൂവലിങ് സൗകര്യവും ഒരേസമയം ലഭ്യമാകുന്നു. മാത്രമല്ല, ചാർജിങ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുന്നുമില്ല.
നിസ്സാൻ ഇ-പവർ സാങ്കേതികവിദ്യയുടെ മികവ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനുമുമ്പ് ബ്രിട്ടനിലും ടാസ്മാനിയയിലും സമാനമായ ദീർഘദൂര ഇന്ധനക്ഷമത പരീക്ഷണങ്ങൾ കമ്പനി വിജയകരമായി നടത്തിയിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഗിന്നസ് റെക്കോർഡ് നേടുന്നത്. ഉപഭോക്താക്കളുടെ യഥാർഥ ആവശ്യങ്ങൾ മനസ്സിലാക്കി ഇന്ധനക്ഷമതയും ആഡംബരവും ഇവി പോലുള്ള ഡ്രൈവിങ് അനുഭവവും നൽകുന്നതിനാണ് പുതിയ തലമുറ ഇ-പവർ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് നിസാൻ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് റിച്ചാർഡ് കാൻഡ്‌ലർ വ്യക്തമാക്കി. ഇന്ത്യയിൽ നിലവിൽ ഇ-പവർ ലഭ്യമല്ലെങ്കിലും, ഭാവിയിൽ ഈ സാങ്കേതികവിദ്യ എത്തുമ്പോൾ ചാർജിങ് ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കാതെ തന്നെ ഇവി അനുഭവം ആഗ്രഹിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്കും ഇതൊരു മികച്ച ബദലായി മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

