കുറഞ്ഞ വിലയിൽ 7-സീറ്റർ എം.പി.വി; നിസാൻ ഗ്രാവൈറ്റ് ഇന്ത്യയിലെത്തി, വില 5.65 ലക്ഷം മുതൽ!
text_fieldsനിസാൻ ഗ്രാവൈറ്റ് എം.പി.വി
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നിസാൻ പുതിയ ഗ്രാവൈറ്റ് എം.പി.വി അവതരിപ്പിച്ചു. ഏഴ് സീറ്റർ സെഗ്‌മെന്റിൽ എത്തുന്ന വാഹനത്തിന് 5.65 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. വാഹനത്തിന്റെ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചതായി നിസാൻ അറിയിച്ചു. റെനോ ട്രൈബറിന്റെ അതേ CMF-A+ പ്ലാറ്റ്‌ഫോമിലാണ് ഗ്രാവൈറ്റും നിർമിച്ചിരിക്കുന്നത്. വിസിയ (Visia), അസെന്റ (Acenta), എൻ-കണക്ട (N-Connecta), ടെക്ന (Tekna), ലിമിറ്റഡ് ലോഞ്ച് എഡിഷൻ എന്നിങ്ങനെ എട്ട് വേരിയന്റുകളിൽ ഗ്രാവൈറ്റ് ലഭ്യമാകും.
നിസാന്റെ സിഗ്നേച്ചർ ശൈലിയായ V-Motion ഗ്രിൽ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ (DRL) എന്നിവ ഗ്രാവൈറ്റിന് ഒരു ആധുനിക ലുക്ക് നൽകുന്നു. ബോണറ്റിലും പിൻഭാഗത്തും 'Gravite' എന്ന അക്ഷരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. 15 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, സിൽവർ ഫിനിഷുള്ള ബമ്പറുകൾ എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്. ഫോറസ്റ്റ് ഗ്രീൻ (Forest Green), ഒണിക്സ് ബ്ലാക്ക് (Onyx Black), ബ്ലേഡ് സിൽവർ (Blade Silver), മെറ്റാലിക് ഗ്രേ (Metallic Grey), സ്റ്റോം വൈറ്റ് (Storm White) എന്നീ അഞ്ച് കളറുകളിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം.
ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വിശാലമായ ഇന്റീരിയറിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവക്ക് പുറമെ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി (വെള്ളയും കറുപ്പും) ക്യാബിൻ പ്രീമിയം ലുക്ക് നൽകുന്നു. കൂടാതെ വയർലെസ് ചാർജർ, ഓട്ടോ ഹെഡ്‌ലാമ്പ്, റെയിൻ സെൻസിങ് വൈപ്പറുകൾ, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിങ് (ആദ്യ 1000 യൂണിറ്റുകൾക്ക്) എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (ടി.പി.എം.എസ്), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കുന്നു.
1.0 ലിറ്റർ, ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. ഇത് 71 എച്ച്.പി കരുത്തും 96 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ (എം.ടി), എ.എം.ടി (AMT) ഗിയർബോക്സ് ഓപ്ഷനുകളിൽ ഗ്രാവൈറ്റ് ലഭ്യമാണ്. മാനുവൽ വേരിയന്റിൽ 19.3 kmpl-ഉം എ.എം.ടിയിൽ 19.6 kmpl-ഉം മൈലേജ് ലഭിക്കുമെന്ന് നിസാൻ അവകാശപ്പെടുന്നു. ഭാവിയിൽ സി.എൻ.ജി (CNG) പതിപ്പും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

