ഞങ്ങൾ എവിടെ പോകാനാണ്? ക്രാഷ് ടെസ്റ്റിൽ കരുത്തരായി നിസാൻ; മാഗ്‌നൈറ്റിന് ഇനി മുതൽ അഞ്ച്-സ്റ്റാർ സുരക്ഷ
text_fieldsനിസാൻ മാഗ്‌നൈറ്റ്
ന്യൂഡൽഹി: ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ മോട്ടോർസ് ഇന്ത്യ വിടുന്നെന്ന അഭ്യൂഹങ്ങൾ വ്യപകമായി പ്രചരിച്ചിരുന്നു. ഇത് നിലവിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള മാഗ്‌നൈറ്റ് പോലുള്ള എസ്.യു.വി ഉപഭോക്താക്കൾക്ക് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ എല്ലാം തന്നെ നിഷേധിച്ച് നിസാൻ ഇന്ത്യയിൽ തുടരുമെന്നും 2026ൽ പുതിയ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
അതിന് ശേഷം കൂടുതൽ കരുത്തരയാണ് നിസാൻ ഇന്ത്യയിൽ പ്രകടനം കാഴ്ചവെക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള എസ്.യു.വിയായ നിസാൻ ഇന്ത്യൻ നിർമിത മാഗ്‌നൈറ്റിന്, മുതിർന്നവർക്ക് അഞ്ച്-സ്റ്റാർ സുരക്ഷയും കുട്ടികൾക്ക് മൂന്ന്-സ്റ്റാർ സുരക്ഷയും ഇനിമുതൽ ലഭിക്കും. ന്യൂ വെഹിക്കിൾ സേഫ്റ്റി അസ്സസ്മെന്റ് പ്രോഗ്രാം (എൻ.സി.എ.പി) ടെസ്റ്റിലാണ് നിസാൻ ഈ നേട്ടം സ്വന്തമാക്കിയത്.
വാഹനം ആദ്യം വിപണിയിലേക്കെത്തിയപ്പോൾ മാഗ്‌നൈറ്റിൽ രണ്ട് എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മാസ്യാത്ത ഈ മോഡലിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രണ്ട്-സ്റ്റാർ റേറ്റിങ് മാത്രമേ ലഭിച്ചിരുന്നൊള്ളു. ഈ റേറ്റിങ്ങിൽ രാജ്യത്ത് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് ഉറപ്പായ കമ്പനി കൂടുതൽ സുരക്ഷകളോടെ വീണ്ടും ക്രാഷ് ടെസ്റ്റിന് മാഗ്‌നൈറ്റിനെ വിധേയമാക്കി. അതിൽ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ (ഇ.എസ്.ഐ), പെഡസ്ട്രിയൻ കണ്ട്രോൾ, സീറ്റ് ബെൽറ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം എല്ലാ സീറ്റുകളിലും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ നിസാൻ മാഗ്‌നൈറ്റിൽ ഉൾപ്പെടുത്തി.
ഇത് മാഗ്‌നൈറ്റിന് ഫോർ-സ്റ്റാർ റേറ്റിങ് നേടാൻ സഹായിച്ചു. എന്നാൽ നിസാൻ ഭാവിയിൽ കൂടുതൽ മുന്നോട്ട് പോകാനായി അധിക അപ്‌ഗ്രേഡുകൾ അവതരിപ്പിച്ചു. ഇതിന്റെ ഫലമായി രണ്ടാമത്തെ വോളണ്ടറി ക്രാഷ് ടെസ്റ്റിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷ വർധിപ്പിച്ചതിനാൽ മാഗ്‌നൈറ്റ് എസ്.യു.വി പൂർണ്ണ അഞ്ച്-സ്റ്റാർ റേറ്റിങ് നേടി. മുതിർന്നവരുടെ സുരക്ഷയിൽ 34.00 പോയിന്റിൽ 32.31 പോയിന്റ് നേടി അഞ്ച്-സ്റ്റാർ നേടിയപ്പോൾ കുട്ടികളുടെ സുരക്ഷയിൽ 49.00 പോയിന്റിൽ 33.64 പോയിന്റ് നേടി മൂന്ന്-സ്റ്റാർ സുരക്ഷയും മാഗ്‌നൈറ്റ് കരസ്ഥമാക്കി.
മുഖം മിനുക്കിയെത്തിയ നിസാൻ മാഗ്‌നൈറ്റിന് രണ്ട് എൻജിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലീറ്റർ B4D നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനും 1.0 ലീറ്റർ HRA0 ടർബോ എൻജിനും ലഭിക്കും. ആദ്യ എൻജിൻ 72 ബി.എച്ച്.പി കരുത്തും 96 എൻ.എം ടോർക്കും ഉത്പാതിപ്പിക്കുമ്പോൾ രണ്ടാമത്തെ എൻജിൻ 99 ബി.എച്ച്.പി കരുത്തിൽ 160 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. നാച്ചുറലി അസ്പിറേറ്റഡ് എൻജിൻ 5 സ്പീഡ് മാന്വൽ 5 സ്പീഡ് എ.എം.ടി ഗിയർബോക്സിലും രണ്ടാമത്തെ ടർബോ ചാർജ്ഡ് എൻജിൻ 5 സ്പീഡ് മാന്വൽ, സി.വി.ടി ഗിയർബോക്‌സും ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

