ചർച്ചയായി നിലമ്പൂർ സ്ഥാനാർഥികളുടെ വാഹനങ്ങൾ; മാരുതി മുതൽ ജീപ്പ് മെറിഡിയൻ വരെ...
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി കഴിഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ പോരാടുന്ന മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുക്കി മുൻ എം.എൽ.എ പി.വി അൻവർ സ്വതന്ത്രനായും പോരിനിറങ്ങുന്നുണ്ട്.
സ്ഥാനാർഥികളുടെ സ്വത്തു വിവരങ്ങളും കൈവശമുള്ള വാഹനങ്ങളെ സംബന്ധിച്ചുമുള്ള ചർച്ചകളാണ് ഒരുഭാഗത്ത് പുരോഗമിക്കുന്നത്. മത്സര രംഗത്തുള്ള സ്ഥാനാർഥികളിൽ മിക്കവർക്കും സ്വന്തമായി വാഹനമില്ല എന്നതാണ് വസ്തുത. എന്നാൽ, ആറു ലക്ഷം മുതൽ 36 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾ ജീവിതപങ്കാളിയുടെ പേരിലുണ്ട്.
52 കോടി രൂപയുടെ ആസ്തിയുള്ള നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന് 2016 മോഡൽ ടൊയോട്ട ഇന്നോവയാണ് സ്വന്തമായുള്ളത്. 16.45 ലക്ഷം രൂപയാണ് വിലയായി കാണിച്ചിരിക്കുന്നത്. ജീവിതപങ്കാളിയുടെ പേരിൽ വാഹനങ്ങൾ ഇല്ല.
63 ലക്ഷം രൂപയുടെ ആസ്തിയുള്ള എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് സ്വന്തമായി വാഹനങ്ങളില്ല. എന്നാൽ ഭാര്യയുടെ പേരിൽ രണ്ടു വാഹനങ്ങളാണുള്ളത്. 2025 മോഡൽ ജീപ്പ് മെറിഡിയൻ ലോംഗിറ്റ്യൂഡ് പ്ലസ്. ഏകദേശം 36 ലക്ഷം രൂപ വിലയാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. 2013ൽ മോഡൽ ഫോർഡ് ഫിഗോയും അവരുടെ കൈവശമുണ്ട്.
എട്ടുകോടിയുടെ ആസ്തിയുള്ള യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിൽ 2,50,000 രൂപ വിലയുള്ള 2018 മോഡൽ നിസാൻ മൈക്രയും 3,50,000 രൂപ വില കാണിച്ചിരിക്കുന്ന എറ്റിയോസ് ലിവയുമാണ് ഉള്ളത്.
ബി.ജെ.പി സ്ഥാനാർഥി മോഹൻ ജോർജിന് സ്വന്തമായി കാറില്ല. എന്നാൽ, ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപ വില മാരുതി കാർ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയുടെ കൈവശം 2023 മോഡൽ ഹ്യൂണ്ടായ് ഐ20യാണുള്ളത്. എട്ടുലക്ഷം രൂപ വിലയാണ് കാണിച്ചിരിക്കുന്നത്. 15000 രൂപ വിലകാണിച്ച ഹോണ്ടയുടെ ഇരുചക്രവാഹനവും സ്വന്തമായുണ്ട്.
കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനമാണ് ചൂടേറിയ ചർച്ചയെങ്കിൽ ഇത്തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വാരാജിന്റെ വാഹനത്തെ സംബന്ധിച്ചാണ്. പുതിയ മോഡൽ ജീപ്പ് മെറിഡിയൻ ലോംഗിറ്റ്യൂഡാണ് സ്വരാജിന്റെ ഭാര്യയുടെ പേരിലുള്ളത്. 36 ലക്ഷം രൂപ വിലവരുന്ന വാഹനം സി.പി.എം കേഡറിന് സ്വന്തമായുണ്ട് എന്ന പ്രചാരണങ്ങൾക്ക് സ്വരാജ് മറുപടി പറയുന്നുമുണ്ട്. സത്യവാങ്മൂലം വായിച്ചിട്ട് മനസിലാകാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
സത്യവാങ്മൂലം നോക്കിയാല്‍ അറിയാം, എംഎല്‍എ ആയിരിക്കുമ്പോള്‍ ഒരു കാറുണ്ടായിരുന്നു. അത് വില്‍ക്കുകയാണ് ചെയ്തതെന്ന് സ്വരാജ് പറഞ്ഞു. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്ന കാര്‍ ഭാര്യയാണ് വാങ്ങിയത്. എടപ്പള്ളി ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടില്‍ ആര്‍ക്കും വായ്പ എടുത്ത് വാഹനം വാങ്ങാന്‍ അവകാശമുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്, സ്വരാജ് പറഞ്ഞു. സോഷ്യല്‍മീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോള്‍ ഞാന്‍ ഭാര്യയോടു പറയാം, അത്രേയുള്ളൂവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

