2021 ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ എക്‌സ്‌യുവി 500 നിർമാണത്തിന് തയ്യാറെന്ന് മഹീന്ദ്ര. നീളവും വീതിയും വർധിച്ച വാഹനം പഴയപോലെ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. പ്രധാനമായും ഫ്രണ്ട്-വീൽ-ഡ്രൈവ് കാറായിരിക്കും പുതിയ എക്സ്യുവിയും. ഫോർവീൽ ഓപ്ഷനും ഉണ്ടായിരിക്കും. തിരശ്ചീനമായി ഘടിപ്പിച്ച എഞ്ചിനും ഗിയർബോക്സുമാണ് വാഹനത്തിന്‍റെ എടുത്തുപറയേണ്ട സവിശേഷത.
പരിചിതമായ സ്റ്റൈലിങ് സൂചകങ്ങൾ നിലനിർത്തിയാണ് വാഹനം വരുന്നത്. പുതിയ 2.2 ഡീസൽ അല്ലെങ്കിൽ 2.0 ടർബോ-പെട്രോൾ എഞ്ചിനായിരിക്കും കരുത്തുപകരുക. രൂപത്തിൽ വാഹനത്തിന്‍റെ ഐഡന്‍റിറ്റി നിലനിർത്താൻ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ എക്‌സ്‌യുവിയുടെ നിർമാണത്തിൽ ഫോർഡിന്‍റെ സഹായവും മഹീന്ദ്രക്ക് ലഭിച്ചിട്ടുണ്ട്. ഡ്രൈവ്, സവാരി, വാഹന നിയന്ത്രണം എന്നിവയിൽ ഫോർഡ് എഞ്ചിനീയർമാർ വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് മഹീന്ദ്ര തന്നെ സമ്മതിക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് പുതിയ വാഹനം വരുന്നത്.
ആദ്യത്തേത് പുതിയ 2.2 ലിറ്റർ എം ഹോക്ക് ഡീസലാണ്. എഞ്ചിൻ 185 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഥാറിനെ അപേക്ഷിച്ച് 53 എച്ച്പി കൂടുതലാണിത്. കൂടാതെ, 190 എച്ച്പി, 2.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോളും ഉണ്ടാകും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയും പുതിയ എക്‌സ്‌യുവി 500 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.