
പുതുവർഷമെത്തി; ഈ കമ്പനികളുടെ വാഹനങ്ങൾക്ക് വില വർധിക്കും
text_fieldsലോകം പുതുവർഷത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമേയുള്ളൂ. ഈ നാളുകൾ വാഹന നിർമാതാക്കളെ സംബന്ധിച്ച് വിലവർധനവിന്‍റെ സമയം കൂടിയാണ്. ഉൽപ്പാദന ചെവല് വർധിക്കുന്നതിന്‍റെ ഭാഗമായാണ് വിലവർധനവും ഉണ്ടാകുന്നതെന്ന് വാഹന നിർമാതാക്കൾ പറയുന്നു. പല കമ്പനികളും കഴിഞ്ഞമാസങ്ങളിൽ തന്നെ വിലവർധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ വില വർധിപ്പിക്കുന്ന കമ്പനികൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും പുതുവർഷം വില വർധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എത്ര രൂപ വർധിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ
ഒക്ടോബറിൽ തന്നെ ഹ്യുണ്ടായ് ഇന്ത്യ സാൻട്രോ, ഗ്രാൻഡ് ഐ 10 നിയോസ്, ഔറ, വെന്യു എന്നിവക്ക് 6000 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. മറ്റ് മോഡലുകളിൽ നിലവിൽ വിലവർധന പ്രഖ്യാപിച്ചിട്ടില്ല.
ടാറ്റ മോട്ടോഴ്സ്
വാണിജ്യ വാഹനങ്ങൾക്ക് മാത്രമാണ് ടാറ്റ മോട്ടോഴ്‌സ് നിലവിൽ വിലവർധനവ് പ്രഖ്യാപിച്ചത്. പാസഞ്ചർ വാഹനങ്ങളുടെ വിലവർധനവ് സംബന്ധിച്ച് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. കൂടാതെ വാണിജ്യ വാഹനങ്ങൾക്ക് എത്ര രൂപയാണ് വർധിക്കുകയെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.
മഹീന്ദ്ര
ആരാധകർ ഏറെ കാത്തിരുന്ന ഥാർ ഉൾപ്പെടെ മഹീന്ദ്രയുടെ എസ്.യു.വികൾ 2021 ജനുവരി മുതൽ ചെലവേറിയതായിരിക്കും. ജനുവരി മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധനവ് വരും. എന്നാൽ, എത്ര രൂപയാണ് വർധിക്കുകയെന്നത് അറിവായിട്ടില്ല.
ഫോർഡ് ഇന്ത്യ
ഫോർഡ് ഇക്കോസ്പോർട്ട് സബ് കോംപാക്റ്റ് എസ്.യു.വിയുടെ വില 1,500 രൂപ നേരത്തെ തന്നെ വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വില 2020 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.
എം.ജി മോട്ടോർ
എം.ജി മോട്ടോർ 2021 ജനുവരി ഒന്ന് മുതൽ വാഹനങ്ങളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു. ഹെക്ടർ, ഗ്ലോസ്റ്റർ, എം.ജി ഇസെഡ് ഇ.വി തുടങ്ങിയ മോഡലുകളിൽ വിലവർധനവ് ബാധകമാണ്. ഹെക്ടർ ഫേസ്ലിഫ്റ്റ്, എം.ജി ഹെക്ടർ പ്ലസ് സെവൻ സീറ്റർ തുടങ്ങിയവ ജനുവരിയിൽ കമ്പനി അവതരിപ്പിക്കുമെന്നാണ് വിവരം.
റെനോ
റെനോ ഇന്ത്യയും തങ്ങളുടെ മോഡലുകൾക്ക് 28,000 രൂപ വരെ വർധിപ്പിക്കാൻ പോവുകയാണ്. വില പരിഷ്കരണം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വേരിയന്‍റുകൾ, മോഡലുകൾ എന്നിവയെ അടിസ്ഥാനമാക്കി വില വർധനവിൽ വ്യത്യസമുണ്ടാകും.
ഇസുസു
ഇസുസു മോട്ടോഴ്സ് ഇന്ത്യ വാണിജ്യ വാഹനങ്ങളുടെ വില നിലവിലെ എക്സ്ഷോറൂം വിലയിൽനിന്ന് 10,000 രൂപയാണ് വർധിപ്പിക്കുന്നത്. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡി-മാക്സ് റെഗുലർ ക്യാബിനും ഡി-മാക്സ് എസ്-ക്യാബിനും വിലവർധനവ് ബാധകമാകും.
ബി.എം.ഡബ്ല്യു
2021 ജനുവരി നാല് മുതലാണ് ജർമൻ കമ്പനിയുടെ വിലവർധനവ് വരുന്നത്. ബി.എം.ഡബ്ല്യു മോഡലുകൾക്ക് പുറമെ മിനി കൂപ്പർ വേരിയന്‍റുകൾക്കും വിലയിൽ മാറ്റമുണ്ടാകും. രണ്ട് ശതമാനം വരെയാണ് വില വർധിക്കുക.
ഔഡി
2021 ജനുവരി ഒന്ന് മുതൽ ഔഡി ഇന്ത്യയും രണ്ട് ശതമാനം വരെ വിലവർധനവ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ലഭ്യമായ എല്ലാ മോഡലുകൾക്കും വിലവർധനവ് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
