ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് പുതിയ പതിപ്പ്; 19.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാം...
text_fieldsഇന്നോവ ക്രിസ്റ്റ ലിമോ
ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ പ്രശസ്തമായ ഡീസൽ എം.പി.വിയായ ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേക വാണിജ്യ/ഫ്ലീറ്റ് പതിപ്പായ ഇന്നോവ ക്രിസ്റ്റ ലിമോ (Innova Crysta Limo) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി പ്രത്യേകം തയാറാക്കിയ മോഡൽ GX-SLF ഗ്രേഡിൽ മാത്രമാണ് ലഭ്യമാകുക. 7 സീറ്റർ, 8 സീറ്റർ പതിപ്പുകളിൽ പുറത്തിറക്കിയിരിക്കുന്ന വാഹനത്തിന്റെ എക്സ്-ഷോറൂം വില യഥാക്രമം 19.95 ലക്ഷം രൂപ, 19.99 ലക്ഷം രൂപ എന്നിങ്ങനെയാണ്.
വേരിയന്റുകളും വിലവിവരവും
വേരിയന്റ് - സീറ്റിങ് - എക്സ്-ഷോറൂം വില
- ഇന്നോവ ക്രിസ്റ്റ ലിമോ (GX-SLF) - 7-സീറ്റർ (ക്യാപ്റ്റൻ സീറ്റ്) - 19,95,000
- ഇന്നോവ ക്രിസ്റ്റ ലിമോ (GX-SLF) - 8-സീറ്റർ (ബെഞ്ച് സീറ്റ്) - 19,99,000
സവിശേഷതകളും ഇൻ്റീരിയറും
ക്രിസ്റ്റയുടെ ശക്തമായ ഡീസൽ എൻജിനും വിലനിലവാരവും നിലനിർത്തിക്കൊണ്ട് തന്നെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി പ്രത്യേക പേരും ഐഡന്റിറ്റിയും നൽകുകയാണ് 'ലിമോ' പതിപ്പിലൂടെ ടൊയോട്ട ചെയ്തിരിക്കുന്നത്. 7-സീറ്റർ വേരിയന്റിൽ രണ്ടാമത്തെ നിരയിൽ മികച്ച വ്യക്തിഗത സുഖസൗകര്യങ്ങൾ ഉറപ്പുനൽകുന്ന ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ 8-സീറ്റർ വേരിയന്റും ലഭ്യമാണ്. കൂടാതെ, എല്ലാ നിരകളിലും മികച്ച എയർ കണ്ടീഷനിങ്, ആവശ്യത്തിന് ഹെഡ്‌റൂമും ലെഗ്‌റൂമും, ഉയർന്ന സീറ്റിങ് പൊസിഷൻ എന്നിവ യാത്രക്കാർക്ക് സുഖകരമായ ദീർഘദൂര യാത്ര ഉറപ്പുനൽകുന്നു.
എൻജിൻ, പെർഫോമൻസ് & മൈലേജ്
ഇന്നോവ ക്രിസ്റ്റ ലിമോയിൽ പരമ്പരാഗതവും വിശ്വസ്തവുമായ എൻജിൻ സജ്ജീകരണമാണ് ടൊയോട്ട നൽകിയിരിക്കുന്നത്. 2.4-ലിറ്റർ, 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ 150 പി.എസ് കരുത്തും 343 പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വാഹനം ജോടിയിണക്കിയിരിക്കുന്നത്. സർട്ടിഫൈഡ് മൈലേജ് അനുസരിച്ച് ലിറ്ററിന് 15 കി.മീ (15 kmpl) വരെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന റേഞ്ച്. ദീർഘദൂര ഹൈവേ യാത്രകൾക്കും തുടർച്ചയായ പാസഞ്ചർ സർവീസുകൾക്കും ഇത് ഏറെ അനുയോജ്യമാണ്.
ഉടമസ്ഥാവകാശ ആനുകൂല്യങ്ങളും വാറന്റിയും
വാണിജ്യ ഉപഭോക്താക്കൾക്കായി മികച്ച വാറന്റി ഓഫറുകളും ഫിനാൻസിങ് പ്ലാനുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്. പുതിയ വാഹനത്തിന് 3 വർഷം / 1,00,000 കി.മീ സ്റ്റാൻഡേർഡ് വാറന്റി നൽകുന്നുണ്ട്. ഇത് വേണമെങ്കിൽ 5 വർഷം / 2,20,000 കി.മീ വരെ നീട്ടാൻ (Extended Protection) സാധിക്കും. കൂടാതെ ഇ.എം.ഐ വ്യവസ്ഥയിൽ വാഹനം സ്വന്തമാക്കുന്നവർക്ക് 7 വർഷം വരെയുള്ള ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ ഇ.എം.ഐ പ്ലാനുകൾ, ടൊയോട്ട സ്മാർട്ട് ഫിനാൻസ് എന്നിവയും ലഭ്യമാണ്. എക്സ്പ്രസ് മെയിന്റനൻസ് സർവീസ്, 24x7 റോഡ്‌സൈഡ് അസിസ്റ്റൻസ് തുടങ്ങിയ സൗകര്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ നിലവിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX, GX+, VX, ZX എന്നീ നാല് പ്രധാന ഗ്രേഡുകളിലാണ് വിൽപ്പന നടത്തുന്നത്. സാധാരണ ഉപഭോക്താക്കൾക്കുള്ള വേരിയന്റുകളിൽ നിന്ന് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കുള്ള GX-SLF വേരിയന്റിനെ വേർതിരിച്ചറിയാനാണ് 'ലിമോ' എന്ന പുതിയ പേര് നൽകിയിരിക്കുന്നത്. കൂടാതെ, പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പുറത്തിറങ്ങുന്ന ഇന്നോവ ഹൈക്രോസ് (Innova Hycross) മോഡലിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലും ഡീസൽ പവർട്രെയിനിലുമാണ് ഇന്നോവ ക്രിസ്റ്റ നിലകൊള്ളുന്നത്.

