പുതുവർഷത്തിലും മികച്ച വിൽപ്പനക്കൊരുങ്ങി ടാറ്റ; മാറ്റങ്ങളോടെ പുതിയ 'പഞ്ച്' ഉടൻ വിപണിയിൽ
text_fieldsടാറ്റ പഞ്ചിന്റെ ടീസർ വിഡിയോയിലെ ചിത്രം
ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വാഹനനിരയിൽ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ പഞ്ച് മൈക്രോ എസ്.യു.വിയുടെ പുത്തൻ പതിപ്പ് (Facelift) ഉടൻ വിപണിയിലെത്തും. ടാറ്റയുടെ പുതിയ 'ഡിജിറ്റൽ ഡിസൈൻ' ശൈലിയിൽ ഒരുങ്ങുന്ന എസ്.യു.വി ജനുവരി 13ന് ഔദ്യോഗികമായി പുറത്തിറങ്ങും. വാഹനത്തിന്റെ ആദ്യ ടീസർ വീഡിയോ കമ്പനി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. പഞ്ച് ഇലക്ട്രിക് പതിപ്പിൽ (Punch EV) കണ്ടതിന് സമാനമായ മാറ്റങ്ങളാണ് പെട്രോൾ, സി.എൻ.ജി മോഡലുകളിലും വരുന്നത്.
സ്ലിം ആയ എൽ.ഇ.ഡി ഡി.ആർ.എല്ലുകളും പിയാനോ ബ്ലാക്ക് ഫിനിഷുള്ള മുൻവശത്തെ ഗ്രില്ലും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. നെക്സോണിലേതുപോലെ പുതിയ എയറോഡൈനാമിക് ബമ്പറും പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പത്തേക്കാൾ കൂടുതൽ ഷാർപ്പ് ഡിസൈനിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ് യൂനിറ്റുകളാണ് മുഖംമിനുക്കിയെത്തുന്ന പഞ്ചിന് നൽകിയിരിക്കുന്നത്. വശങ്ങളിലായി നീളുന്ന കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ വാഹനത്തിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. കൂടാതെ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ പഞ്ചിന്റെ പ്രത്യേകതയാണ്.
ഇന്റീരിയറിൽ വലിയ മാറ്റങ്ങളാണ് പഞ്ച് എസ്.യു.വിയിൽ പ്രതീക്ഷിക്കുന്നത്. പുതിയ നെക്സോണിലേതുപോലെ ഇല്യൂമിനേറ്റഡ് ലോഗോയുള്ള രണ്ട് സ്പോക്ക് സ്റ്റിയറിങ് വീൽ, നിലവിലുള്ളതിന് പകരം വലിയ 10.25 ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവക്ക് പുറമെ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി ലഭിക്കാനും സാധ്യതയുണ്ട്.
എൻജിൻ വകഭേദങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ അതേപടി തുടരാൻ സാധ്യതയുണ്ട്. ഈ എൻജിൻ പരമാവധി 88 എച്ച്.പി കരുത്തും 115 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. പഞ്ചിന്റെ സി.എൻ.ജി പതിപ്പ് 73.5 എച്ച്.പി കരുത്തും 103 എൻ.എം പീക് ടോർക്കും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ ടാറ്റയുടെ പ്രശസ്തമായ 'ട്വിൻ സിലിണ്ടർ' സാങ്കേതികവിദ്യ അതേപടി തുടരും. 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ പുതിയ പഞ്ചിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

