Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവിങ് ലൈസൻസിൽ വൻ പരിഷ്കാരം; ഇന്ത്യക്കാർക്കും വിദേശികൾക്കും പ്രത്യേക നിറം

text_fields
bookmark_border
ഡ്രൈവിങ് ലൈസൻസിൽ വൻ പരിഷ്കാരം; ഇന്ത്യക്കാർക്കും വിദേശികൾക്കും പ്രത്യേക നിറം
cancel

ന്യൂഡൽഹി: രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് സംവിധാനത്തിൽ സമഗ്ര പരിഷ്കാരത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും വ്യത്യസ്ത നിറത്തിലുള്ള ലൈസൻസുകൾ നൽകാനാണ് തീരുമാനം. ലൈസൻസിൽ ഉടമയുടെ ദേശീയത നിർബന്ധമായും രേഖപ്പെടുത്തും. മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

നിലവിൽ പ്രായവും മേൽവിലാസവും തെളിയിക്കാൻ നിശ്ചിത രേഖകളില്ലാത്തവർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലോ നോട്ടറി പബ്ലിക്കിന് മുന്നിലോ നൽകുന്ന സത്യവാങ്മൂലം തെളിവായി സ്വീകരിച്ചിരുന്നു. പുതിയതായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്. വ്യാജ മേൽവിലാസവും ജനനത്തീയതിയും നിർമ്മിക്കാൻ ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സത്യവാങ്മൂല സമ്പ്രദായം പൂർണമായും ഒഴിവാക്കുന്നത്. ലൈഫ് ഇൻഷുറൻസ് പോളിസികൾ തെളിവായി സ്വീകരിക്കുന്നതും നിർത്തലാക്കും.

പുതിയ ചട്ടപ്രകാരം മേൽവിലാസം തെളിയിക്കാൻ ആധാർ, വോട്ടർ ഐഡി, ഇ-റേഷൻ കാർഡ്, മൂന്ന് മാസത്തിനുള്ളിലെ വൈദ്യുതി-ഗ്യാസ് ബില്ലുകൾ എന്നിവ മാത്രമേ പരിഗണിക്കൂ. വിദേശ പൗരന്മാർ ഇതിനൊപ്പം വിസയും താമസാനുമതി രേഖയും ഹാജരാക്കണം. പ്രായം തെളിയിക്കാൻ പാസ്പോർട്ട്, സ്കൂൾ മാർക്ക് ഷീറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയും തിരിച്ചറിയലിന് ആധാർ, പാസ്പോർട്ട്, പാൻ കാർഡ് എന്നിവയും നിർബന്ധമാണ്.

ലൈസൻസ് നടപടിക്രമങ്ങളും കർശനമാക്കിയിട്ടുണ്ട്. സുരക്ഷിത ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട ഓൺലൈൻ ട്യൂട്ടോറിയൽ 30 മിനിറ്റ് നിർബന്ധമാക്കി. കൂടാതെ പാസ് മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്. എല്ലാ ലൈസൻസുകളിലും ഉടമയുടെ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള നമ്പർ എന്നിവ ഉൾപ്പെടുത്തണം.

അതേസമയം ജനങ്ങൾക്ക് ആശ്വാസകരമായ ഇളവുകളും വിജ്ഞാപനത്തിലുണ്ട്. ആധാർ ഉപയോഗിച്ച് ഓൺലൈനായി പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ തിരുത്തുന്നവർക്ക് ഫീസ് ഒഴിവാക്കും. കൂടാതെ ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ്, വാഹന ക്ലാസ് കൂട്ടിച്ചേർക്കൽ തുടങ്ങിയവക്ക് ഏകീകൃത ഫോം ഏർപ്പെടുത്തും. സാരഥി പോർട്ടലിൽ നിന്ന് വിവരങ്ങൾ നേരിട്ട് ശേഖരിക്കും. അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കാനും ഉത്തരവിലുണ്ട്. അഡ്രസ് മാറ്റ അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Driving License Rules
Next Story