വരുന്നൂ ടെസ്ലയുടെ പറക്കും കാർ; ടീസർ അവതരിപ്പിച്ച് മസ്ക്
text_fieldsടെസ്ലയുടെ ആദ്യ പറക്കും കാറിന്‍റെ ടീസർ അവതരിപ്പിച്ച് ഇലോൺ മസ്ക്. ഈ വർഷം അവസാനത്തോടെ കാറിന്‍റെ ഡെമോ നടത്തുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ 2014 മുതലുള്ള മസ്കിന്‍റെ സ്വപ്ന സാക്ഷാത്കാരമാകുമത്. ജോ രോഗൻ എക്സ്പീരിയൻസ് എന്ന ഷോയിലാണ് മസ്കിന്‍റെ പറക്കും കാറിനെക്കുറിച്ചുള്ള പ്രഖ്യാപനം.
2008നും 2012 നും ഇടക്ക് ആദ്യമായി നിർമിച്ച സ്പോർട്സ് കാറായ ടെസ്ല റോഡ്സ്റ്ററിന്‍റെ രണ്ടാം തലമുറയിലെ ഫ്ലൈയിങ് കാറുകൾ പുറത്തിറക്കാൻ വൈകിയതിനെക്കുറിച്ചുള്ള ചോദ്യത്തിലാണ് പറക്കും കാറിനെ പറ്റി സംസാരിച്ചത്. 2020ൽ ആണ് കാർ പുറത്തിറക്കാൻ കമ്പനി പദ്ധതി ഇട്ടിരുന്നതെങ്കിലും അത് നീണ്ടു പോവുകയായിരുന്നു.
തങ്ങളുടെ സ്വപ്നത്തിനരികിലാണെന്നും ഈ പ്രൊഡക്ട് ഡെമോ മറക്കാനാകാത്ത നിമിഷമാകുമെന്നുമാണ് മസ്ക് പറഞ്ഞത്. കാറിന്‍റെ ചിറകുകളെക്കുറിച്ചും അതിന്‍റെ രൂപ ഘടനയെക്കുറിച്ചുമുള്ള ചോദ്യത്തിന് മസ്ക് വ്യക്തമായ മറുപടി ഒന്നും നൽകിയിട്ടില്ല. പകരം അത്തരം കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും എന്ത് തന്നെ ആയാലും അതൊരു മികച്ച കാറായിരിക്കുമെന്നുമായിരുന്നു മസ്കിന്‍റെ മറുപടി.
എന്തായാലും പറക്കും കാർ എങ്ങനെ ആയിരിക്കും പുറത്തിറങ്ങുക, അത് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെടുമോ അതോ ഡെമോ മാത്രമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകാത്തതിനാൽ ഫ്ലൈയിങ് റോഡ്സ്റ്റർ നിഗൂഢമായി തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

