മോദിജീ, ദയവായി ചലാൻ അടക്കൂ; ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പിഴ അടച്ചില്ല! പ്രധാനമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വാഹനങ്ങളുടെ ചലാൻ പിഴകൾ അടക്കാത്തതിൽ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനത്തിന് വിവിധ നിയമലംഘനങ്ങളുടെ ഭാഗമായി മൂന്ന് ട്രാഫിക് ചാലനുകളാണ് പിഴ അടക്കാതെ കെട്ടിക്കിടക്കുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി ട്രാഫിക് പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'പ്രിയപ്പെട്ട നരേന്ദ്ര മോദിജീ, നിങ്ങളുടെ DL2CAX2964 എന്ന നമ്പറിലുള്ള വാഹനത്തിന് 3 ചാലനുകൾ പിഴ അടക്കാതെ ബാക്കിയുണ്ട്. ദയവായി കൃത്യസമയത്ത് ചലാൻ അടക്കുക. അടുത്ത തവണ ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കുക.' എന്നാണ് ആര്യൻ സിങ് എക്സ് പോസ്റ്റിൽ കുറിച്ചത്.
ഗതാഗത നിയമലംഘനങ്ങൾ ട്രാക്കിങ് ചെയ്യുന്ന ഒരു സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്നെടുത്ത സ്ക്രീൻഷോട്ട് ഉൾപ്പെടുത്തിയാണ് ആര്യൻ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാനമന്ത്രിയുടെ വാഹനത്തിന് മൂന്ന് ചാലനുകൾ കെട്ടികിടക്കുന്നതായി കാണിക്കുന്നുണ്ട്. വാഹനം മോദി നേരിട്ട് ഉപയോഗിക്കുന്നതോ സുരക്ഷ വർധിപ്പിക്കാൻ അംഗ രക്ഷകർ ഉപയോഗിക്കുന്ന വാഹനമാണോ എന്ന് വ്യക്തമല്ല.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ ഏറെ വൈറലായിട്ടുണ്ട്. പൗരന്മാരെപോലെ ഉന്നത ഉദ്യോഗസ്ഥരും ഭരണാധികാരികളും നിയമം ഒരുപോലെ പിന്തുടരണമെന്ന് നിരവധി പേർ വിമർശിച്ചു. കൂടാതെ ആര്യൻ സിങ്ങിന് പല കോണുകളിൽ നിന്നായി പ്രശംസയും ലഭിക്കുന്നുണ്ട്.
വാഹനത്തിന് ലഭിച്ചിട്ടുള്ള ചാലനുകളുടെ സത്യാവസ്ഥയെക്കുറിച്ചും ഉടമസ്ഥാവകാശവും വാഹനത്തിന്റെ ഉപയോഗവും സംബന്ധിച്ചുള്ള ഔദ്യോഗികമായ ഒരു വ്യക്തതയും ഡൽഹി ട്രാഫിക് പൊലീസ് നൽകിയിട്ടില്ല. എന്നിരുന്നാലും സർക്കാർ ഉദ്യോഗസ്ഥരും വി.ഐ.പികളും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ പോസ്റ്റ് തിരികൊളുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നോ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നോ ഡൽഹി പൊലീസ് ഓഫീസിൽ നിന്നോ ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

