മോഡിഫിക്കേഷൻ: കേന്ദ്ര നിയമം, സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകൾ...; വെല്ലുവിളികൾ അനവധി
text_fieldsകൊച്ചി: തെരഞ്ഞെടുപ്പിന് മുമ്പ് വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച ചോദ്യം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടി. പിന്നീട് മുഖ്യമന്ത്രി കസേരയിൽ വി.ഡി. സതീശൻ എത്തിയപ്പോഴും ഇതേ ചോദ്യം ആവർത്തിച്ചു. ആ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതികരണം വൈറലായെങ്കിലും മോഡിഫിക്കേഷൻ അത്ര എളുപ്പമല്ല.
വാഹനങ്ങൾക്ക് രൂപമാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വെല്ലുവിളികളുണ്ട്. വാഹനങ്ങൾക്ക് രൂപമാറ്റം അനുവദിക്കാനുള്ള നിയമപരമായ അധികാരം കേന്ദ്ര സർക്കാറിനാണ്. കേന്ദ്ര സർക്കാറിന്റെ കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകളും വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുന്നതിന് എതിരാണ്. റോഡ് സുരക്ഷയെയും പരിസ്ഥിതിയെയും പരിഗണിക്കാതെയുള്ള ഒരിളവും നിയമം അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ ഡബിൾ ഡക്കർ ബസിൽ ഒരു ഹെഡ് ലൈറ്റ് അധികമായി വെച്ചത് നീക്കം ചെയ്യാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ നിയമത്തിന്റെ ഒരിളവും ഉണ്ടാക്കില്ലയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ ഉദാഹരണം.
വാഹന നിർമാതാക്കൾ അനുവദിക്കുന്ന മോഡിഫിക്കേഷന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാൻ സാധിക്കില്ലെന്നാണ് 1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52ൽ പറയുന്നത്. കേരള മോട്ടോർ വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതി നൽകിയ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് തള്ളി 2019 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിർണായകമാണ്.
ഇതൊക്കെ മറികടന്ന് എങ്ങനെ മോഡിഫിക്കേഷൻ സാധ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷൻ കാരണമാകാമെന്നും ഹൈകോടതി അഭിഭാഷകനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിങ് കോൺസലുമായ ദീപു തങ്കൻ പറയുന്നു.
പ്രോട്ടോടൈപ്പ് ടെസ്റ്റ്
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ ഏജൻസികൾ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. പിന്നീട് ഈ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനാകില്ലെന്നാണ് നിയമം.
മോട്ടോർ വാഹന നിയമം
- വാഹന നിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കരുത്. രൂപമാറ്റത്തിന് അനുവാദം നൽകുന്നതിൽ കേന്ദ്ര സർക്കാരിനാണ് അധികാരം. സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരമാണെന്നും മോട്ടോർ വാഹന നിയമം വകുപ്പ് 52ൽ പറയുന്നത്.
- 2000 ത്തിലെ നിയമഭേദഗതിയിലും രൂപമാറ്റത്തിനപ്പുറം പരിഗണന നൽകിയത് റോഡ് സുരക്ഷയ്ക്കും മലിനീകരണം തടയുന്നതിനുമാണ്. ടയറിന്റെ മാറ്റം പോലും ഈ നിയമഭേദഗതിയിൽ അനുവദിച്ചിട്ടില്ല.
2019 ലെ സുപ്രീംകോടതി വിധി
മോഡിഫിക്കേഷൻ തടഞ്ഞ 2006 ലെ കേരള ട്രാൻസ്‌പോർട്ട് കമീഷണറുടെ സർക്കുലർ ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ അപ്പീലിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് രൂപമാറ്റത്തെ വിലക്കുന്നതായിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് നിർമിക്കാൻ സാധിക്കില്ലെന്നായിരുന്നു അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട്. തുടർന്ന് സുപ്രീംകോടതി കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

