പുത്തൻ ലുക്കിൽ എം.ജി വിൻഡ്സർ ഇ.വി; ലിമിറ്റഡ് എഡിഷൻ വിപണിയിൽ
text_fieldsജെ.എസ്‍.ഡബ്ല്യു എം.ജി വിൻഡ്സർ ഇ.വി ലിമിറ്റഡ് എഡിഷൻ
ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ വിൻഡ്സർ ഇ.വിയുടെ ഇൻസ്പയർ എഡിഷൻ വിപണിയിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിൽപ്പന രേഖപ്പെടുത്തുന്ന വിൻഡ്സർ ഇ.വി, 2024 സെപ്റ്റംബർ 11നാണ് എം.ജി രാജ്യത്ത് അവതരിപ്പിച്ചത്. നിലവിൽ ഒരുവർഷം പൂർത്തിയാക്കുമ്പോൾ 41,000 യൂനിറ്റുകൾ നിരത്തുകളിൽ എത്തിക്കാൻ കമ്പനിക്ക് സാധിച്ചു. കൂടാതെ 2025 ആഗസ്റ്റിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന ഇലക്ട്രിക് വാഹനമെന്ന റെക്കോഡും വിൻഡ്സർ ഇ.വി സ്വന്തമാക്കിയിരുന്നു.
ഇൻസ്പയർ എഡിഷനായി വിപണിയിൽ എത്തുന്ന വിൻഡ്സർ ഇ.വിക്ക് 16.65 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. കൂടാതെ ബാറ്ററി-ആസ്-എ-സർവീസ് (Baas) ഓപ്ഷൻ അനുസരിച്ച് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 9.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും വാഹനം സ്വന്തമാക്കാമെന്ന് കമ്പനി അറിയിച്ചു. ലിമിറ്റഡ് എഡിഷൻ വിഷ്വൽ അപ്ഗ്രേഡുകളുമായി 300 യൂനിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുന്നുള്ളൂ.
ഡ്യൂവൽ-ടോൺ എക്സ്റ്റീരിയർ ഫീച്ചറിൽ പേൾ വൈറ്റ്, സ്റ്റാരി ബ്ലാക്ക് നിറത്തിലാണ് ലിമിറ്റഡ് എഡിഷൻ വിൻഡ്സർ ഇ.വി നിരത്തുകളിൽ എത്തുന്നത്. റോസ് ഗോൾഡ് ക്ലാഡിങ്ങിൽ ഫുൾ ബ്ലാക്ക് അലോയ്-വീൽ അക്സെന്റിൽ ടയറുകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ബ്ലാക്ക് ഔട്ട്സൈഡ് റിയർ വ്യൂ മിറർ (ORVM), മുൻവശത്തെ ഗ്രില്ലിൽ റോസ് ഗോൾഡ് ഡിസൈൻ എലെമെന്റുകൾ, മുൻവശത്തെ ബമ്പറിൽ കോർണർ പ്രൊട്ടക്ടർ എന്നിവയും നൽകിയിട്ടുണ്ട്.
ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയിൽ സാംഗ്രിയ റെഡ് തീമിൽ ഗോൾഡ് അക്‌സെന്റ് ഇന്റീരിയർ നിറത്തോടെയാണ് ലിമിറ്റഡ് എഡിഷന്റെ വരവ്. കൂടാതെ ഹെഡ് റെസ്റ്റുകളിൽ എം.ജിയുടെ ലോഗോയും എംബ്രോയിഡറി ചെയ്തിട്ടുണ്ട്. ഇതേ തീം അടിസ്ഥാനമാക്കി മാറ്റുകൾ, കുഷ്യനുകൾ, റിയർ വിൻഡോ സൺഷേഡ്, ലെതർ കീ കോർണർ എന്നിവയും ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്. ഉപഭോക്താക്കളുടെ താൽപര്യപ്രകാരം സ്കൈലൈറ്റ് ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്, വയർലെസ്സ് ഇല്ല്യൂമിനേറ്റഡ് സിൽ പ്ലേറ്റ് എന്നീ ഫീച്ചറുകളും എം.ജി ഡീലർഷിപ് വഴി വാഹനത്തിൽ അധിക ഫീച്ചറായി ഉൾപെടുത്താൻ സാധിക്കും.
38 kWh ബാറ്ററി പാക്കിൽ പെർമനന്റ് മാഗ്‌നറ്റ് സിൻക്രണസ് ഫ്രണ്ട്-വീൽ മോട്ടോറാണ് ലിമിറ്റഡ് എഡിഷന്റെ കരുത്ത്. ഈ മോട്ടോർ പരമാവധി 134 ബി.എച്ച്.പി പവറും 200 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 40 മിനുട്ട് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാവുന്ന വാഹനം മുഴുവൻ ചാർജിൽ 331 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒക്ടോബർ 15ന് ഡെലിവറി ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതായി ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

