പുത്തൻ ലുക്കിൽ മികച്ച ഫീച്ചറുകൾ; അനവധി മാറ്റങ്ങളോടെ എം.ജി ഹെക്ടർ
text_fieldsഎം.ജി ഹെക്ടർ
ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ, അവരുടെ ഫ്ലാഗ്ഷിപ്പ് മിഡ്-സൈസ് എസ്.യു.വിയായ ഹെക്ടറിന്റെ ഫേസ് ലിഫ്റ്റ് വകഭേദം രാജ്യത്ത് അവതരിപ്പിച്ചു. 2019 ജനുവരി 27ന് വിപണിയിൽ എത്തിയ എസ്.യു.വിയുടെ പ്രധാനപ്പെട്ട മൂന്നാമത്തെ അപ്ഡേറ്റാണിത്. മുഖം മിനുക്കിയെത്തിയ മോഡലിന് 11.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒട്ടനവധി മാറ്റങ്ങളോടെയാണ് ഫേസ് ലിഫ്റ്റ് ചെയ്തെത്തിയ എം.ജി ഹെക്ടർ 2026 എത്തുന്നത്. എന്നാൽ പവർട്രെയിനിൽ മാറ്റങ്ങളില്ല.
അഞ്ച്, ആറ് സീറ്റ് ഓപ്ഷനിൽ ഉപഭോക്താക്കൾക്ക് പുതിയ എം.ജി ഹെക്ടർ സ്വന്തമാക്കാം. തികച്ചും വാഹന പ്രേമികൾക്ക് താങ്ങാനാവുന്ന വിലയിലാണ് വാഹനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഫേസ് ലിഫ്റ്റ് കഴിഞ്ഞെത്തുന്ന ഹെക്ടറിന്റെ പെട്രോൾ വകഭേദം മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. 2026ന്റെ ആദ്യ മാസങ്ങളിൽ ഡീസൽ വകഭേദവും കമ്പനി നിരത്തുകളിൽ എത്തിക്കും.
എക്സ്റ്റീരിയർ അപ്ഡേറ്റ്
ഏറ്റവും പുതിയ 'ഓറ ഹെക്സ്' ഗ്രിൽ ഡിസൈനിലാണ് ഫേസ് ലിഫ്റ്റ് ചെയ്ത ഹെക്ടറിനെ എം.ജി അവതരിപ്പിച്ചത്. പഴയ ഹെക്സഗോണൽ ഗ്രിൽ പൂർണമായും നീക്കം ചെയ്താണ് പുതിയ ഗ്രിൽ മുൻവശത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പരിഷ്‌ക്കരിച്ചിട്ടുള്ള മുൻവശത്തേയും റിയർ വശത്തേയും പുതിയ ബമ്പറുകൾ കൂടുതൽ ഫ്യുച്ചറസ്റ്റിക് ഡിസൈൻ പിന്തുടരുന്നുണ്ട്. എന്നാൽ വിഭജിത ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റുചെയ്‌ത എൽ.ഇ.ഡി ടെയിൽ-ലാമ്പുകളും മാറ്റമില്ലാതെ തുടരുന്നു. പുതിയതായി ഡിസൈൻ ചെയ്ത 'ഓറ ബോൾട്ട്' അലോയ് വീലുകൾ, സെലാഡൺ ബ്ലൂ ആൻഡ് പേൾ വൈറ്റ് എക്സ്റ്റീരിയർ ഷേഡുകൾ എന്നിവ വാഹനത്തെ കൂടുതൽ ആകർഷിക്കും.
ഇന്റീരിയറിലെ മാറ്റങ്ങൾ
ഹെക്ടറിന്റെ കാബിനിൽ എം.ജി നൽകിയിരിക്കുന്ന കളർ തീം കൂടുതൽ സമകാലിക അനുഭവം ഉപഭോക്താക്കൾക്ക് നൽകും. ഐസ് ഗ്രേ ആൻഡ് ബ്ലാക്ക് ഇന്റീരിയർ ഡ്യൂവൽ-ടോൺ അഞ്ച് സീറ്റർ വേരിയന്റിൽ നൽകിയിട്ടുണ്ട്. ആറ്, ഏഴ് സീറ്റ് വാഹനങ്ങളിൽ വാർമർ അർബൻ ആൻഡ് ബ്ലാക്ക് സ്കീമിലും ലഭ്യമാണ്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരാമിക് സൺറൂഫ്, പവേർഡ് ഡ്രൈവർ സീറ്റർ എന്നീ ഫീച്ചറുകളും പഴയ മോഡലിലെ ഹർമൻ സൗണ്ട് സിസ്റ്റവും അതേപടി പിന്തുടരുന്നു.
ഇൻഫോടൈന്മെന്റ് സിസ്റ്റത്തിലാണ് പ്രധാനമായും മാറ്റങ്ങൾ വന്നിട്ടുള്ളത്. 2019ൽ നിരത്തിലിറങ്ങിയ ഹെക്ടറിൽ 10.4-ഇഞ്ചിന്റെ വെർട്ടിക്കൽ ടച്ച്സ്ക്രീൻ ആയിരുന്നു. എന്നാൽ പുതിയ ഹെക്ടറിൽ 14-ഇഞ്ച് പോട്രെറ്റ് ടച്ച്സ്ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിസ്റ്റത്തിൽ എം.ജിയുടെ പുതിയ ഐ-സ്വിപ് ടച്ച് കൺട്രോളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പവർട്രെയിനിൽ മാറ്റങ്ങൾ വരുത്താതെയാണ് എം.ജി ഹെക്ടർ 2026 മോഡൽ എത്തുന്നത്. 1.5-ലിറ്റർ ടർബോചാർജഡ് എൻജിൻ പരമാവധി 143 ബി.എച്ച്.പി കരുത്തും 250 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിച്ച് കൂടുതൽ വേഗതയിൽ വാഹനത്തെ ചലിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ, സി.വി.ടി ഗിയർബോക്സ് ഓപ്ഷനിൽ ഈ പവർട്രെയിൻ ലഭ്യമാണ്. കൂടാതെ 2.0-ലിറ്ററിന്റെ ഒരു ഡീസൽ എൻജിൻ വകഭേദവും ഹെക്ടറിനുണ്ട്. ഈ എൻജിൻ പരമാവധി 170 ബി.എച്ച്.പി കരുത്തും 350 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ പവർട്രെയിനിന് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ ലഭ്യമായിട്ടൊള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

