പരിഷ്കരിച്ച എം.ജി ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകൾ വിപണിയിൽ. ഹെക്ടറിന്റെ വില 12.89 ലക്ഷം മുതലും പ്ലസിേന്റത് 13.35 ലക്ഷത്തിലും ആരംഭിക്കും. ഇന്ത്യയിൽ ഹെക്ടർ പുറത്തിറങ്ങി 18 മാസത്തിനുശേഷമാണ് മുഖംമിനുക്കൽ വരുന്നത്. സൗന്ദര്യവർധക മാറ്റങ്ങളോടൊപ്പം കാര്യമായ ചില നവീകരണങ്ങളും ഹെക്ടറിന് ലഭിക്കും. ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകൾ ലഭ്യമാക്കിയതാണ് ഹെക്ടർ പ്ലസിലെ പ്രധാന മാറ്റം. ഹെക്ടർ ഗ്രില്ലിന് പുതിയ ഫിനിഷാണ് നൽകിയിരിക്കുന്നത്.
പിന്നിൽ ടെയിൽ ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന റിഫ്ലക്റ്റർ സ്ട്രിപ്പിന് പകരം ഒരു കറുത്ത ആപ്ലിക്കേഷൻ നൽകി. രണ്ട് എസ്‌യുവികളിലും 18 ഇഞ്ച് വലിയ അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട്, റിയർ സ്‌കഫ് പ്ലേറ്റുകളോടൊപ്പം പുത്തൻ സ്റ്റാറി ബ്ലൂ എക്സ്റ്റീരിയർ കളർ ഓപ്ഷനും ഇപ്പോൾ ഹെക്ടറിൽ ലഭ്യമാണ്. ഇന്‍റീരിയറിലേക്ക് വന്നാൽ 2021 ഹെക്ടറിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഓൾ-ബ്ലാക്ക് ക്യാബിൻ പുറത്തുപോകുന്നതാണ്. പുത്തൻ ഡ്യുവൽ-ടോൺ ഇന്‍റീരിയറാണ് വാഹനത്തിന്. കറുപ്പും ബീജിനോട് ചേർന്ന് നിൽക്കുന്ന ഷാംപെയ്ൻ നിറവുമാണ് ഉള്ളിൽ നൽകിയിരിക്കുന്നത്. ഹെക്ടർ പ്ലസിൽ ആറ് സീറ്റിനൊപ്പം ഏഴ് സീറ്റ് വെർഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആറ് സീറ്റുകളുള്ള ഹെക്ടർ പ്ലസ്, അഞ്ച് സീറ്റുള്ള ഹെക്ടർ എന്നിവയ്ക്ക് വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വയർലെസ് ഫോൺ ചാർജിങും റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോ ഡിമ്മിംഗും ലഭിക്കും. വോയ്‌സ് അസിസ്റ്റും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ 31 കമാൻഡുകൾ വരെ വാഹനത്തിന് തിരിച്ചറിയാം. ചില കമാൻഡുകൾ പൂർണമായും ഹിന്ദിയിലാണ്. സൺറൂഫ് തുറക്കുന്നതും അടയ്ക്കുന്നതും മുതൽ എയർ-കോൺ നിയന്ത്രണങ്ങളും നാവിഗേഷനും വരെയുള്ള പ്രവർത്തനങ്ങൾക്കായി വോയ്‌സ് അസിസ്റ്റ് ഉപയോഗിക്കാം.
ഏറ്റവും ഉയർന്ന മോഡലുകൾക്ക് 10.4 ഇഞ്ച് പോർട്രെയിറ്റ് ഓറിയന്‍റഡ് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ ടെക്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പവേർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ് എന്നിവയും ലഭിക്കുന്നു. രണ്ട് എസ്‌യുവികളും പഴയ മോഡലുകളിൽ ഉണ്ടായിരുന്ന എഞ്ചിനുകൾ നിലനിർത്തുന്നു. 143 എച്ച്പി, 1.5 ലിറ്റർ ടർബോ-പെട്രോൾ, 170 എച്ച്പി, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് വാഹനങ്ങൾക്ക്. എല്ലാ എഞ്ചിൻ ഓപ്ഷനുകളിലും 6 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്.