എംജി ഹെക്ടർ ബ്ലാക്‌സ്റ്റോം, സ്നോസ്റ്റോം എഡിഷനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രത്യേകതകളറിയാം...
text_fieldsഎംജി ഹെക്ടർ സ്നോസ്റ്റോം
എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഹെക്ടറിന്റെ രണ്ട് പുതിയ സ്പെഷ്യൽ എഡിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 'ബ്ലാക്‌സ്റ്റോം' (Blackstorm), 'സ്നോസ്റ്റോം' (Snowstorm) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന എഡിഷനുകൾക്ക് 20 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില. അഞ്ച് സീറ്റർ കോൺഫിഗറേഷനിലും 1.5-ലിറ്റർ പെട്രോൾ-സിവിടി (Petrol-CVT) പവർട്രെയിനിലും മാത്രമായി ഈ മോഡലുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. ഹെക്ടറിന്റെ ടോപ്പ്-സ്‌പെക് വേരിയന്റായ സാവി പ്രോ സിവിടിയേക്കാൾ (Savvy Pro CVT) 35,000 രൂപയുടെ അധിക വിലയിലാണ് പുതിയ സ്റ്റോം സീരീസ് എത്തിയിരിക്കുന്നത്.
രണ്ട് വ്യത്യസ്ത എക്സ്റ്റീരിയർ തീമുകൾ
പുതിയ രണ്ട് എഡിഷനുകളും തികച്ചും വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഡാർക്ക് മോണോക്രോമാറ്റിക് ഡിസൈനാണ് ബ്ലാക്‌സ്റ്റോം പിന്തുടരുന്നത്. കൂടാതെ, ഡാർക്ക് ക്രോം ബ്രാന്റിങ്, പിയാനോ ബ്ലാക്ക് റൂഫ് റെയിലുകൾ, സ്മോക്ക്ഡ് കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. അതേസമയം, പേൾ വൈറ്റ് (Pearl White) ബോഡി പെയിന്റും അതിന് അനുയോജ്യമായ സ്റ്റാറി ബ്ലാക്ക് (Starry Black) റൂഫും ചേരുന്ന ആകർഷകമായ ടു-ടോൺ ഫിനിഷിലാണ് സ്നോസ്റ്റോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് മോഡലുകളിലും സ്റ്റോം ഹെക്സ് ഗ്രിൽ (Storm Hex grille), കറുത്ത ഹെഡ്‌ലാമ്പ് ബെസലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ഓറ സ്റ്റോം ബ്ലേഡ് അലോയ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ, സ്കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിങ്, ടെയിൽഗേറ്റ് എന്നിവയിലും ഡാർക്ക് ഫിനിഷിങ് ഉൾപ്പെടുത്തിയിരിക്കുന്നു.
ഡാർക്ക് തീം ക്യാബിനും ആഡംബര ഫീച്ചറുകളും
ഉൾവശത്ത് കറുപ്പ് നിറത്തിന് മുൻഗണന നൽകുന്ന ഓൾ-ഡാർക്ക് ക്യാബിനാണ് രണ്ട് എഡിഷനുകളിലും എംജി നൽകിയിരിക്കുന്നത്. കറുപ്പ് ലെതർ അപ്‌ഹോൾസ്റ്ററിയും മുൻ സീറ്റുകളിലെ ഹെഡ്‌റെസ്റ്റുകളിൽ എഡിഷൻ പേരുകൾ പതിപ്പിച്ച ലോഗോയും, ഗൺമെറ്റൽ ഫിനിഷോട് കൂടിയ ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീൽ, എട്ട് കളർ ആംബിയന്റ് ലൈറ്റിങ്, ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ്, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് പവേർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ എഡിഷൻ എത്തുന്നത്.
സാങ്കേതികവിദ്യയും കണക്റ്റിവിറ്റിയും
ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി 35.56 സെ.മീ (14 ഇഞ്ച്) പോർട്രെയ്റ്റ് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. കൂടാതെ ഡ്രൈവർക്കായി 17.78 സെ.മീ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. സിസ്റ്റത്തിന്റെ പ്രോസസ്സിങ് വേഗത വർദ്ധിപ്പിക്കുന്ന സ്മാർട്ട് ബൂസ്റ്റ് സിസ്റ്റം ടെക്നോളജി, i-Swipe ജസ്റ്റർ കൺട്രോൾ, രണ്ടും മൂന്നും വിരലുകൾ ഉപയോഗിച്ച് ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, മ്യൂസിക് എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാം. ഡിജിറ്റൽ ബ്ലൂടൂത്ത് കീ, കീ ഷെയറിങ്, പ്രെഡിക്റ്റീവ് മെയിന്റനൻസ് അലേർട്ടുകൾ, ഓഡിയോ/എസി/ലൈറ്റിങ് എന്നിവ ഉൾപ്പെടെ 70-ലധികം ഫീച്ചറുകൾ i-Smart കണക്റ്റഡ് സ്യൂട്ട് വഴി നിയന്ത്രിക്കാൻ സാധിക്കുന്നു.
മികച്ച സുരക്ഷാ സംവിധാനങ്ങൾ
സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സവിശേഷതകൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വീൽ വ്യൂ നൽകുന്ന 360-ഡിഗ്രി എച്ച്‌ഡി കാമറ, ഫ്രണ്ട് പാർക്കിങ് സെൻസർ, ABS, EBD, എലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ലെവൽ-2 ADAS (Advanced Driver Assistance Systems) സാങ്കേതികവിദ്യ, റെയിൻ-സെൻസിങ് വൈപ്പറുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പുതിയ പതിപ്പിന് ലഭിക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ ലഭിക്കുന്ന 'സ്റ്റോം പാക്കേജ്' ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ഇതിൽ ബ്ലാക്‌സ്റ്റോം/സ്നോസ്റ്റോം ബാഡ്ജുകൾ, റെഡ് ടെയിൽഗേറ്റ് ആക്‌സന്റ്, ഫോഗ്-ലാമ്പ് ഐ ഷാഡോകൾ, ORVM പ്രൊട്ടക്ടറുകൾ, സൈഡ് സ്റ്റെപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
ഓഫറുകളും വാറണ്ടിയും
വാഹനം വാങ്ങുന്നത് എളുപ്പമാക്കുന്നതിനായി 84 മാസം വരെയുള്ള കാലയളവിലേക്ക് ഓൺ-റോഡ് വിലയുടെ 100 ശതമാനം വരെ ഫിനാൻസിങ് സൗകര്യം എംജി നൽകുന്നുണ്ട്. ഇതിനൊപ്പം MG Shield 3+3+3 പാക്കേജിലൂടെ 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA), 3 സൗജന്യ ലേബർ സർവീസുകൾ എന്നിവയും ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

