
ഫോർച്യൂണറിനോട് മല്ലിടാൻ ഗ്ലോസ്റ്റർ ബ്ലാക്സ്റ്റോം; തുറുപ്പ്ശീട്ടുമായി എം.ജി
text_fieldsഇന്ത്യൻ എസ്.യു.വി വിപണിയിലെ ഏക ഛത്രാധിപതിയാണ് ടൊയോട്ട ഫോർച്യൂണർ. ഫോർഡ് എൻഡവറിനെപ്പോലുള്ള എതിരാളികൾകൂടി മടങ്ങിയതോടെ ഫുൾ ലെങ്ത് എസ്.യു.വി വിപണിയിൽ ടൊയോട്ടയുടെ സർവ്വാധിപധ്യമാണ്. നിലവിൽ ഫോർച്യൂണറിന്റെ പ്രധാന എതിരാളികളിൽ ഒരാൾ എം.ജിയുടെ ഗ്ലോസ്റ്ററാണ്. ഗ്ലോസ്റ്ററിന്റെ ബ്ലാക്സ്റ്റോം എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് എം.ജി ഇപ്പോൾ.
ഗ്ലോസ്റ്ററിനെ ജനകീയനാക്കാനുള്ള പരിശ്രമത്തിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. അതിന്റെ ഭാഗമായാണ് ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഗ്ലോസ്റ്ററിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിന് 40.29 ലക്ഷമാണ് എക്സ്ഷോറൂം വില. ഒരു എട്ട് സീറ്റർ വേരിയന്റും വാഹനത്തിലുണ്ട്.
പേര് സൂചിപ്പിക്കുന്നതു പോലെ ബ്ലാക്ക്സ്റ്റോം എഡിഷൻ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. പുറമേയുള്ള പ്രധാന ഹൈലൈറ്റ്. 'ഗ്ലോസ്റ്റർ', 'ഇന്റർനെറ്റ് ഇൻസൈഡ്' എന്നീ ചിഹ്നങ്ങൾക്കൊപ്പം മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ് നിറങ്ങളാൽ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ബോഡി വർക്കാണ്. മെഷ് പാറ്റേണുള്ള ഗ്രില്ലാണ് വാഹനത്തിന്. സ്‌പോർട്ടി ഘടകങ്ങൾക്കൊപ്പം റെഡ് ആക്‌സന്റുകളും നൽകിയിരിക്കുന്നു. റൂഫ് റെയിൽ, സ്മോക്ക്ഡ് ബ്ലാക്ക് ടെയിൽലൈറ്റ്, വിൻഡോ സറൗണ്ട്, ഫെൻഡർ, ഫോഗ് ഗാർണിഷ് എന്നിവ എസ്‌യുവിയുടെ ഡാർക്ക് തീമിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
ഗ്ലോസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷന്റെ അകത്തളത്തിലും സമാനമായ മാറ്റങ്ങൾ കാണാനാവും. പൂർണമായും കറുപ്പിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിങ് വീലിലും ഹെഡ്‌ലാമ്പുകളിലും കാലിപ്പറുകളിലും ഫ്രണ്ട് ആൻഡ് റിയർ ബമ്പറിലും റെഡ് ആക്‌സന്റുകകൾ നൽകിയിരിക്കുന്നു. റെഡ് സ്റ്റിച്ചുകളാൽ അലങ്കരിച്ച ഡാർക്ക് ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി മുഴുവൻ ഇന്റീരിയറിനും സ്പോർട്ടി ഫീൽ സമ്മാനിക്കുന്നുണ്ട്.
ഗ്ലോസ്റ്റർ എസ്‌യുവി 2WD, 4WD എന്നീ ഓപ്ഷനുകളിൽ തന്നെ തെരഞ്ഞെടുക്കാനാവും. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക് എന്നീ സവിശേഷതകളും വാഹനത്തിലുണ്ട്.
പുതിയ മോഡലിൽ മെക്കാനിക്കൽ എഞ്ചിൻ പരിഷ്ക്കാരങ്ങൾ ഒന്നും തന്നെയില്ല. ബിഎസ്-VI ഫേസ് 2 കംപ്ലയിന്റായ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. വാഹനത്തിന്റെ ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പ് 159 bhp കരുത്തിൽ പരമാവധി 373 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫോർ വീൽ ഡ്രൈവ് മോഡലിന് 214 bhp പവറിൽ 480 Nm ടോർക് പുറത്തെടുക്കാനാവും. രണ്ട് മോഡലുകളും സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്.