മാരുതി സുസുക്കി വാഗൺ ആർ ഫ്ലെക്സ് ഫ്യൂവലിന്റെ വില പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: എഥനോൾ കലർന്ന ഇന്ധങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന മാരുതി സുസുക്കിയുടെ ഫ്ലെക്സ് ഫ്യൂവൽ പതിപ്പിന്റെ വില കമ്പനി പ്രഖ്യാപിച്ചു. 7.24 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമാണ് ഫ്ലെക്സ് ഫ്യൂവൽ വാഗൺ ആർ രാജ്യത്തിന് സമർപ്പിച്ചത്. പെട്രോളിലും എഥനോളിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന ഈ വാഹനം, നിലവിൽ വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമായാണ് പുറത്തിറക്കിയിരിക്കുന്നത്.
സാധാരണ വാഗൺ ആർ ZXi+ വകഭേദത്തെ അപേക്ഷിച്ച് 86,000 രൂപ അധികം നൽകിയാൽ മാത്രമേ ഫ്ലെക്സ് ഫ്യൂവൽ മോഡൽ സ്വന്തമാക്കാൻ സാധിക്കൂ. നിലവിൽ വിപണിയിലുള്ള വാഗൺ ആർ ടൂർ H3 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, ഇതിന് 1.35 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെ വില കൂടുതലുണ്ട്. എന്നാൽ, ടൂർ H3 മോഡലിൽ 1.0 ലിറ്റർ എൻജിൻ ഉപയോഗിക്കുമ്പോൾ, ബയോഫ്ലെക്സിൽ കരുത്തുറ്റ 1.2 ലിറ്റർ എൻജിനാണ് കമ്പനി നൽകിയിരിക്കുന്നത്.
പെട്രോളിന് പുറമെ E20 മുതൽ E85 വരെ എഥനോൾ മിശ്രിതങ്ങളിൽ ഈ വാഹനം പ്രവർത്തിക്കും. എന്നാൽ, വാഹനത്തിന്റെ മൈലേജ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വാഗൺ ആർ ഫ്ലെക്സ് ഫ്യൂവൽ പതിപ്പിലും പഴയ K12 എൻ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ കരുത്തിലോ ടോർക്കിലോ യാതൊരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. 90.9 എച്ച്.പി കരുത്തും 113.7 എൻ.എം ടോർക്കും 1200 സി.സി എൻജിൻ നൽകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലാണ് വാഹനം വിപണിയിലെത്തുന്നത്. നിലവിൽ ഡൽഹി-എൻസിആർ, മുംബൈ-നാഗ്പൂർ റൂട്ടുകളിൽ മാത്രമാണ് എഥനോൾ ഇന്ധനം ലഭ്യമാകുന്നത്. എന്നാൽ 2027-ഓടെ രാജ്യമൊട്ടാകെ 5,000 ഇന്ധന സ്റ്റേഷനുകളിൽ എഥനോൾ ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

