റെക്കോഡ് വിൽപ്പന! വിപണിയിൽ ശക്തമായ സാന്നിധ്യം; വാർഷികാഘോഷത്തിൽ വിക്ടോറിസിന്റെ 'ഔറം എഡിഷൻ' അവതരിപ്പിച്ച് മാരുതി സുസൂക്കി
text_fieldsമാരുതി സുസൂക്കി വിക്ടോറിസ് ഔറം എഡിഷൻ
ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച വിക്ടോറിസ് (Victoris) എസ്.യു.വിയുടെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുതിയ 'ഔറം എഡിഷൻ' (Aurum Edition) അവതരിപ്പിച്ച് മാരുതി സുസൂക്കി. എസ്.യു.വിയുടെ സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. 22,990 വിലയുള്ള പ്രത്യേക ആക്‌സസറി കിറ്റ് രൂപത്തിലാണ് ഔറം എഡിഷൻ ലഭ്യമാകുക. മാരുതി സുസൂക്കി വിക്ടോറിസിന്റെ നിലവിലെ എക്സ്-ഷോറൂം വില 10.50 ലക്ഷം മുതൽ ആരംഭിച്ച് 19.99 ലക്ഷം വരെയാണ്.
ഔറം എഡിഷന്റെ സവിശേഷതകൾ
ലാറ്റിൻ ഭാഷയിൽ 'സ്വർണം' എന്ന് അർഥം വരുന്ന 'ഔറം' എന്ന പേര്, വിക്ടോറിസ് കൈവരിച്ച മികച്ച വിൽപനാ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. വാഹനത്തിന്റെ ലുക്കിലും ഡിസൈനിലും പ്രീമിയം മാറ്റങ്ങളാണ് മാരുതി വരുത്തിയിട്ടുള്ളത്. മുൻവശത്തെയും വശങ്ങളിലെയും പിൻവശത്തെയും സ്‌കിഡ് പ്ലേറ്റുകളിലും വീൽ ആർച്ചുകളിലും കോപ്പർ നിറത്തിലുള്ള ഇൻസെർട്ടുകൾ നൽകിയിട്ടുണ്ട്. കൂടാതെ ഫ്രണ്ട് ഗ്രിൽ, ഫെൻഡറുകൾ, ബമ്പറുകൾ, ബോഡി സൈഡ് മോൾഡിങ്ങുകൾ, ഡോർ വൈസറുകൾ എന്നിവയിൽ ക്രോം ഫിനിഷിങ്ങും നൽകിയിട്ടുണ്ട്. ക്യാബിനിൽ ഓൾ-വെതർ 3D മാറ്റുകൾ, 3D ബൂട്ട് മാറ്റ്, റിയർ ട്രങ്ക് സിൽ ഗാർഡ് എന്നിവയും ഔറം പാക്കേജിന്റെ ഭാഗമായി ലഭിക്കും.
എൻജിനും കരുത്തും
മെക്കാനിക്കൽ പരമായി വാഹനത്തിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഔറം എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിൻ, ഇലക്ട്രിക് മോട്ടോർ, ലിഥിയം-അയൺ ബാറ്ററി എന്നിവ കൂടിച്ചേർന്ന ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പ്രത്യേക പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 116 എച്ച്.പി കരുത്തും 122 Nm പീക്ക് ടോർക്കും ഉത്‌പാദിപ്പിക്കും. e-CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. കൂടാതെ, ഇലക്ട്രിക് മാത്രം ഉപയോഗിച്ച് വാഹനം ഓടിക്കാനുള്ള ഇ.വി മോഡ് സൗകര്യവും ഹൈബ്രിഡ് മോഡലിന് ലഭിക്കും. പെട്രോൾ, സി.എൻ.ജി മോഡലുകളും വിക്ടോറിസ് ലഭ്യമാണ്.
'ഔറം' എഡിഷന്റെ പ്രചാരണത്തിനായി പ്രമുഖ ബോളിവുഡ് താരം ഷാഹിദ് കപൂറിനെയാണ് മാരുതി സുസൂക്കി ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ അരങ്ങേറ്റ വർഷത്തിൽ തന്നെ ഏറ്റവും ഉയർന്ന വിൽപന നേടുന്ന പുതിയ മോഡൽ എന്ന റെക്കോർഡ് വിക്ടോറിസ് സ്വന്തമാക്കിയിരുന്നു. പ്രതിമാസം 10,000 മുതൽ 13,000 യൂനിറ്റുകൾ വരെ വിൽപന തുടർച്ചയായി നേടി ആദ്യ വർഷത്തിൽ 1,47,602 യൂനിറ്റുകൾ നിരത്തുകളിൽ എത്തിക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. കൂടാതെ 2026 ജനുവരിയിൽ മാത്രം 15,240 യൂനിറ്റുകളും വിൽപ്പന നടത്തിയിരുന്നു.

