ആദ്യ ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കി മാരുതി സുസുക്കി; ‘ഇ വിറ്റാര’ 100 രാജ്യങ്ങളിലേക്ക്
text_fieldsന്യൂഡൽഹി: മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര’ പുറത്തിറക്കി. 100 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ഭാരത് മൊബിലിറ്റി ഷോയുടെ ഭാഗമായി നടന്ന ഓട്ടോ എക്‌സ്‌പോയിൽ മോഡലിന്റെ അനാച്ഛാദന ചടങ്ങ് നടന്നു. യൂറോപ്പ്, ജപ്പാൻ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് ഇലക്ട്രിക് എസ്.യു.വി കയറ്റുമതി ചെയ്യുമെന്ന് ഇവിടെ സംസാരിച്ച സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിരോ സുസുക്കി പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 58 ശതമാനം ഓഹരിയുള്ള സുസുക്കി മോട്ടോർ കോർപ്പറേഷൻ, മോഡലിന്റെ ആഗോള ഉൽപ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ഉപഭോക്താക്കൾക്ക് പൂർണ മനസ്സമാധാനത്തോടെ ഒരു അനുഭവം നൽകുന്നതിനായി ഇന്ത്യയിൽ ഒരു ‘ഇക്കോസിസ്റ്റം’ നിർമിക്കുന്നതിന് തങ്ങൾ അതിന്റെ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്ന് തോഷിഹിരോ സുസുക്കി പറഞ്ഞു.
ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെ നാളായി കാത്തിരിക്കുന്ന സുസുക്കിയുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് ബാറ്ററി ഇലക്ട്രിക് വാഹനമാണ് ഇ വിറ്റാരയെന്നും ഇത് തെരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് യാത്രാ സുഖവും ആത്മവിശ്വാസവും ഉറപ്പുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ വിറ്റാര 49kWh, 61kWhഎന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകൾ അവതരിപ്പിക്കുന്നു. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ലോകമെമ്പാടും, പ്രത്യേകിച്ച് അതിന്റെ പ്രധാന ബിസിനസ്സ് മേഖലകളായ ഇന്ത്യ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ബി.ഇ.വിയുടെ ഉപഭോക്തൃ ആവശ്യകതകൾ കമ്പനി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുസുക്കി അഭിപ്രായപ്പെട്ടു. പഠനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ട തന്ത്രത്തിലൂടെ ബി.ഇ.വികളെ ഉപഭോക്താക്കൾക്ക് ആകർഷകമാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതായി, ഉപഭോക്തൃ ആവശ്യകതകളെ അടിസ്ഥാനമാക്കി ശരിയായ ഉൽപ്പന്നം വികസിപ്പിക്കുക എന്നതാണ്. മൂന്നാമതായി, കമ്പനിയുടെ ആഗോള സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുകയും ലോകത്തിന് ഒരൊറ്റ സ്ഥലത്ത് ഉൽപ്പാദനം കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതും. ഇതിനായി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സ്കെയിൽ മെറിറ്റും കണക്കിലെടുത്ത് തങ്ങൾ ഇന്ത്യയെ ആഗോള ഉൽപാദന അടിത്തറയായി തെരഞ്ഞെടുത്തുവെന്നും സുസുക്കി പറഞ്ഞു.
ഇ വിറ്റാര നിർമിക്കുന്നതിനായി തങ്ങൾ 2,100 കോടിയിലധികം രൂപ നിക്ഷേപിച്ചതായി ലോഞ്ചിൽ സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. ‘ഇ ഫോർ മി’ എന്ന സംരംഭത്തിലൂടെ ഉപഭോക്താക്കൾക്കായി ഇലക്ട്രിക് ഇക്കോ സൊല്യൂഷനുകൾ സൃഷ്ടിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാരുതി സുസുക്കി തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗകര്യം ഉറപ്പാക്കുന്നതിനായി സ്മാർട്ട് ഹോം ചാർജറുകളും വാഗ്ദാനം ചെയ്യുമെന്ന് സുസുക്കി പറഞ്ഞു. ആദ്യഘട്ടത്തിൽ മികച്ച 100 നഗരങ്ങളിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അതിവേഗ ചാർജിംഗ് പിന്തുണ നൽകുന്നതിന് ഞങ്ങളുടെ വിശാലമായ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തുകയും തുടർന്ന് കൂടുതൽ വിപുലീകരിക്കുകയും ചെയ്യും. ഈ നഗരങ്ങളിൽ ഓരോ 5 മുതൽ 10 കിലോമീറ്ററിലും ഉപഭോക്താവിന് മാരുതി സുസുക്കിയുടെ ചാർജിങ് പോയിന്റ് കണ്ടെത്തനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ 1,000ലധികം നഗരങ്ങളെ ഉൾക്കൊള്ളുന്ന 1500ലധികം ഇ.വി സേവന വർക്ക്ഷോപ്പുകൾ തയ്യാറാക്കുന്നുണ്ട്. ഈ വർക്ക്ഷോപ്പുകളിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരും ചാർജിങ് ഉൾപ്പെടെയുള്ള ഇ.വിയുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും നൽകുന്നതിന് പ്രത്യേക ഉപകരണങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

