പുതുവർഷം മാരുതിക്കൊപ്പം; വിൽപനയിൽ നാലു ശതമാനത്തിന്‍റെ വർധന
text_fieldsഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി-സുസുക്കി പുതുവർഷത്തിലെ ആദ്യ മാസത്തെ വിൽപനാ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ കണക്കുകൾ പ്രകാരം ജനുവരിയിൽ 1,73,599 യൂനിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. 2024 ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ നാല് ശതമാനത്തിലധികം വർധിച്ചതായി കമ്പനി അവകാശപ്പെടുന്നു. 2024 ജനുവരിയിൽ 1,66,802 യൂനിറ്റ് വാഹനങ്ങളാണ് മാരുതി വിൽപന നടത്തിയത്.
ഈ വളർച്ച അവകാശപ്പെടുമ്പോഴും ചെറിയ ഹാച്ച്‌ബാക്ക് സെഗ്‌മെന്റിൽപെട്ട ആൾട്ടോ കെ10, എസ് പ്രസ്സോ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 11 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വാഗൺ ആർ, ബലെനോ, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, സ്വിഫ്റ്റ് ഡിസയർ തുടങ്ങിയ മോഡലുകൾ 82,241 വാഹനങ്ങൾ വിറ്റഴിച്ചത് വഴി ഡിമാൻഡ് വർധനയിൽ 7 ശതമാനത്തോളം വളർച്ച കൂടി. പ്രീമിയം സെഡാൻ മോഡലായ 'സിയാസ്' 768 യൂനിറ്റുകളുടെ വിൽപനയോടെ 53 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
അടുത്തിടെ മാരുതി ക്രാഷ് ടെസ്റ്റിലൂടെ അവരുടെ വ്യത്യസ്ഥ മോഡലുകൾക്ക് ഫൈ സ്റ്റാർ റേറ്റിങ് നേടി ജനശ്രദ്ധക്ക് വഴിവെച്ചിരുന്നു. അതുകൊണ്ട് തന്നെ ബ്രെസ്സ, എർട്ടിഗ, ഫ്രോങ്‌ക്‌സ്, ജിംനി, ഇൻവിക്‌റ്റോ, ഗ്രാൻഡ് വിറ്റാര, എക്സ് എൽ 6 തുടങ്ങിയ വാഹനങ്ങൾ മൊത്തത്തിൽ 65,093 യൂനിറ്റ് വിൽപനയോടെ കൂടുതൽ വളർച്ച സാധ്യമാക്കി. പാസഞ്ചർ കാറുകളുടെയും സെഡാൻ സെഗ്‌മെന്റിലെയും ഇടിവ് നികത്താൻ മാരുതിയുടെ എസ്.യു.വി വാഹങ്ങൾക്ക് സാധിച്ചു.
2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ, എസ്.യു.വികളുടെയും എം.പി.വികളുടെയും മൊത്തം വിൽപന 5,94,056 യൂനിറ്റിലെത്തിക്കാൻ മാരുതിക്ക് സാധിച്ചു. ഇത് 12 ശതമാനം വർധനയെ കൈവരിക്കുകയും പാസഞ്ചർ കാർ, സെഡാൻ വിൽപനയിലെ 9 ശതമാനം ഇടിവിന്‍റെ ആഘാതം കുറക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.