മാരുതി സുസുകി 'ഗ്രാൻഡ് വിറ്റാര'യെ തിരിച്ചുവിളിക്കുന്നു; നിങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ?
text_fieldsമാരുതി സുസുകി ഗ്രാൻഡ് വിറ്റാര
ഇന്ത്യയിലെ മുൻനിര വാഹനനിർമാതാക്കളായ മാരുതി സുസുകി, ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും റെക്കോഡ് വിൽപ്പന നടത്തിയ മിഡ്-സൈസ് എസ്.യു.വിയായ ഗ്രാൻഡ് വിറ്റാരയുടെ കുറച്ചു മോഡലുകൾ തിരിച്ചുവിളിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത്. ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ച മോഡലുകളാണ് കമ്പനി ഇന്ധനത്തിന്റെ അളവുകൾ സൂചിപ്പിക്കുന്ന (Fuel Gauge) മോണിറ്റർ സംവിധാനവും വാർണിങ് സിസ്റ്റവും തകരാറായതിനെത്തുടർന്ന് തിരിച്ചു വിളിക്കുന്നത്. 2024 ഡിസംബർ 9 മുതൽ 2025 ഏപ്രിൽ 29 വരെ നിരത്തുകളിൽ എത്തിയ 39,506 യൂനിറ്റുകൾ തിരിച്ചുവിളിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇന്ത്യൻ വാഹന നിർമാതാക്കളായ മാരുതിയുടെ അഭിപ്രായത്തിൽ, സ്പീഡോമീറ്റർ യൂനിറ്റിനുള്ളിലെ ഇന്ധന ലെവൽ ഗേജും മുന്നറിയിപ്പ് ലൈറ്റും ഇന്ധന നില കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ല. ഇത് ടാങ്കിൽ അവശേഷിക്കുന്ന ഇന്ധനത്തെക്കുറിച്ച് ഡ്രൈവർമാരെ ആശങ്കയിലാക്കാൻ സാധ്യതയുണ്ട്.
മേൽ സൂചിപ്പിച്ച കാലയളവിലെ മോഡലുകൾ സ്വന്തമാക്കിയവർക്ക് അംഗീകൃത ഡീലർഷിപ്പുകളിൽ നേരിട്ടെത്തി തകരാറുകൾ പരിഹരിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് പൂർണമായും സൗജന്യമായി വാഹനത്തിന്റെ തകരാർ പരിഹരിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്നും മാരുതി സുസുകി കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഹൈബ്രിഡ് എസ്.യു.വിയാണ് മാരുതി സുസുകി ഗ്രാൻഡ് വിറ്റാര. സീറ്റ, ആൽഫ വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഈ മിഡ്-സൈസ് എസ്.യു.വിയുടെ പ്രാരംഭ വില 10.77 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്. ഏറ്റവും ഉയർന്ന വകഭേദത്തിന് 19.72 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്. പനോരമിക് സൺറൂഫുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 360 ഡിഗ്രി കാമറ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ്, ക്ലാരിയോൺ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ ആറ് എയർബാഗുകൾ, എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇ.എസ്.പി, ഇ.ബി.ഡിയുള്ള എ.ബി.എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ എല്ലാ ട്രിമ്മുകളിലും സ്റ്റാൻഡേർഡായി മാരുതി സജ്ജീകരിച്ചിട്ടുണ്ട്. പെട്രോൾ, സി.എൻ.ജി, പി.എച്ച്.ഇ.വി (പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ) തുടങ്ങിയ പവർട്രെയിനുകളിൽ ഉപഭോക്താക്കൾക്ക് ഗ്രാൻഡ് വിറ്റാര സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

