വാഹന സർവീസ് ചെലവുകളിൽ വൻ ലാഭം നേടാം! സ്മാർട്ട് മെയിന്റനൻസ് പ്ലാൻ അവതരിപ്പിച്ച് മാരുതി സുസുക്കി
text_fieldsന്യൂഡൽഹി: വാഹനം മേടിക്കാൻ പല ഉപഭോക്താക്കളെയും പിന്തിരിപ്പിക്കുന്നത് സർവീസ് ചെലവുകളാണ്. പല കമ്പനികളും ഫ്രീ സർവീസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പാർട്സുകളുടെയും ഓയിലുകളുടെയും ചെലവ് ഭീമമാണ്. എന്നാൽ, വാഹന സർവീസ് ചെലവുകളിൽ വൻ ലാഭം നേടാൻ ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകി പുതിയ പദ്ധതി അവതരിപ്പിച്ചു. സ്മാർട്ട് മെയിന്റനൻസ് പ്ലാൻ' (SMP) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ സർവീസ് അനുഭവം ഉറപ്പാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും രാജ്യത്തുടനീളമുള്ള മാരുതി സുസുക്കി അംഗീകൃത സർവീസ് സെന്ററുകൾ വഴി ഈ പ്ലാൻ സ്വന്തമാക്കാം. പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ ലേബർ ചാർജിൽ കുറഞ്ഞത് 10 ശതമാനം വരെ ലാഭം നേടാം. കൂടാതെ പാർട്‌സുകൾക്കും മറ്റ് സർവീസ് ചെലവുകൾക്കും പ്രത്യേക ഇളവുകളും ലഭ്യമാണ്. കൂടാതെ, നിലവിലെ നിരക്കിൽ തന്നെ ഭാവിയിലേക്കുള്ള സർവീസ് ചെലവുകൾ 'ലോക്ക്' ചെയ്യാൻ സാധിക്കുന്നതിനാൽ, പിന്നീട് സർവീസ് നിരക്കുകളിൽ ഉണ്ടാകുന്ന വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ല.
ഉപഭോക്താവിന്റെ ആവശ്യാനുസരണം ലേബർ-ഒൺലി (Labour-only), പാർട്‌സ് ആൻഡ് ലേബർ, എഞ്ചിൻ ഓയിൽ ആൻഡ് കൂളന്റ്, വാണിജ്യ വാഹനങ്ങൾക്കുള്ള ചെറിയ സർവീസ് തുടങ്ങിയ വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. കൂടാതെ ക്ലച്ച്, ബ്രേക്ക് തുടങ്ങിയ ഭാഗങ്ങൾക്ക് 'വെയർ-ആൻഡ്-ടിയർ' (Wear-and-tear) സംരക്ഷണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് സർവീസ് സെന്ററുകളിൽ നിന്നും പ്ലാൻ സ്വന്തമാക്കിയാലും, ഇന്ത്യയിലെ ഏത് മാരുതി സുസുക്കി സർവീസ് സെന്ററുകളിലും ഈ സേവനം ലഭ്യമാക്കാൻ സാധിക്കും.
വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള വാഹനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് 2 വർഷം/20,000 കിലോമീറ്റർ മുതൽ 10 വർഷം/1,00,000 കിലോമീറ്റർ വരെയും വാണിജ്യ വാഹനങ്ങൾക്ക് 10 വർഷം/1,60,000 കിലോമീറ്റർ വരെയുമാണ് പ്ലാനിന്റെ കാലാവധി.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും മാറുന്ന കാലഘട്ടത്തിനും അനുസൃതമായ രീതിയിലാണ് ഈ സ്മാർട്ട് മെയിന്റനൻസ് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി തകിയുച്ചി പറഞ്ഞു. വാഹന ഉടമകൾക്ക് കൂടുതൽ വിശ്വാസവും സൗകര്യവും നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

