ഇന്ത്യയിലെ ആദ്യ E85 കാർ; മാരുതി സുസുക്കിയുടെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ 'വാഗൺ ആർ' പുറത്തിറക്കി
text_fieldsവാഗൺ ആർ
ബദൽ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ഹരിത പരിവർത്തനത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചുകൊണ്ട് പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്റെ ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) പതിപ്പ് പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ ഇ85 (E85) ശേഷിയുള്ള പാസഞ്ചർ വാഹനമാണ് പുറത്തിറക്കിയ വാഗൺ ആർ. അതായത്, 85 ശതമാനം വരെ എഥനോൾ കലർന്ന ഇന്ധനത്തിൽ സുഗമമായി പ്രവർത്തിക്കാൻ വാഹനത്തിന് സാധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചേർന്നാണ് പുതിയ വാഗൺആർ ഫ്ലെക്സ്-ഫ്യുവൽ പതിപ്പ് രാജ്യത്തിന് സമർപ്പിച്ചത്.
പരിസ്ഥിതി സൗഹൃദമായ മൊബിലിറ്റി പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള മാരുതി സുസുക്കിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കാർ വിപണിയിൽ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ വിപുലമായ എഥനോൾ അഡോപ്ഷൻ തന്ത്രങ്ങൾക്ക് (Ethanol Blending Programme) പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് കമ്പനിയുടെ ഈ സുപ്രധാന ചുവടുവെപ്പ്.
എന്താണ് ഫ്ലെക്സ്-ഫ്യുവൽ സാങ്കേതികവിദ്യ?
സാധാരണ പെട്രോൾ എഞ്ചിനുകളിൽ ഉയർന്ന അളവിൽ എഥനോൾ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് 20 ശതമാനം മുതൽ (E20) 85 ശതമാനം വരെ (E85) എഥനോൾ അടങ്ങിയ ഏത് മിശ്രിതത്തിലും പ്രവർത്തിക്കാൻ പ്രാപ്തമായിട്ടാണ്. എഥനോൾ എഞ്ചിൻ ഭാഗങ്ങളിൽ തുരുമ്പും തേയ്മാനവും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഫ്ലെക്സ്-ഫ്യുവൽ വാഹനത്തിന്റെ എഞ്ചിൻ ഘടകങ്ങൾ, ഫ്യുവൽ പമ്പ്, ഫ്യുവൽ ഇൻജക്ടറുകൾ തുടങ്ങിയവ പ്രത്യേകമായി പരിഷ്കരിച്ചാണ് മാരുതി സുസുക്കി നിർമിച്ചിരിക്കുന്നത്.
രാജ്യത്തിന് നേട്ടമാകുന്നതെങ്ങനെ?
ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ (Crude Oil) ഇറക്കുമതി കുറക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. വാഗൺ ആർ ഫ്ലെക്സ്-ഫ്യുവൽ പോലുള്ള വാഹനങ്ങളുടെ വരവ് ഇന്ധന ഇറക്കുമതി ഭാരം വലിയ തോതിൽ കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറക്കുമതി കുറയുന്നതോടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കപ്പെടുകയും പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് വില കുറവായതിനാൽ ഉപഭോക്താക്കൾക്ക് ഇന്ധനച്ചെലവ് കുറക്കാൻ സാധിക്കുകയും ചെയ്യും. കൂടാതെ, ഇന്ത്യയിൽ പ്രധാനമായും കരിമ്പ്, ചോളം, കേടായ ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ എഥനോളിന്റെ ഉപയോഗം വർധിക്കുന്നത് രാജ്യത്തെ കർഷകർക്ക് വലിയ വരുമാന മാർഗ്ഗമായി മാറും.
ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന വാഗൺ ആർ ഫ്ലെക്സ്-ഫ്യുവൽ മോഡൽ പൂർണമായും ഇന്ത്യയിൽ തന്നെയാണ് വികസിപ്പിച്ചെടുത്തതാണ്. വരും വർഷങ്ങളിൽ തങ്ങളുടെ മറ്റ് ജനപ്രിയ മോഡലുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യം പൂർണമായി മാറുന്നതിന് മുൻപുള്ള ഒരു മികച്ച പരിവർത്തന ഘട്ടമായിട്ടാണ് വാഹന ലോകം ഫ്ലെക്സ്-ഫ്യുവൽ സാങ്കേതികവിദ്യയെ കാണുന്നത്. വിപണിയിൽ എഥനോൾ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ശക്തമാക്കുന്നതോടെ, ഹരിത വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

