2036ലെ കാർ എങ്ങനെയിരിക്കും? യുവ ഡിസൈനർമാർക്ക് സുവർണ്ണാവസരം; 4.5 ലക്ഷം രൂപ സമ്മാനവും ഇന്റേൺഷിപ്പുമായി മാരുതി സുസുക്കി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വാഹന ഡിസൈൻ രംഗത്തെ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനായി രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ അഭിമാന പദ്ധതിയായ 'ഡിസൈൻ എക്സാത്തോൺ 2026' (DesignXathon 2026) പ്രഖ്യാപിച്ചു. പദ്ധതിയുടെ രണ്ടാം പതിപ്പിലൂടെ അടുത്ത തലമുറയിലെ ഓട്ടോമോട്ടീവ് ഡിസൈനർമാരെ വാർത്തെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
2036ൽ ജെൻ സി, ജെൻ ആൽഫ വിഭാഗത്തിൽപ്പെട്ട യുവാക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഐക്കണിക് വാഹനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ വർഷത്തെ മത്സരത്തിന്റെ പ്രധാന വെല്ലുവിളി. ഭാവിയിലെ യാത്രാ സൗകര്യങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള നൂതനമായ ആശയങ്ങളാണ് വിദ്യാർഥികളിൽ നിന്നും മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്.
2035-2040 കാലഘട്ടത്തിന് അനുയോജ്യമായ വാഹന രൂപകൽപ്പനയായിരിക്കണം. പുതിയ തലമുറയുടെ ജീവിതശൈലിയുമായുള്ള വാഹനത്തിന്റെ ബന്ധം. പരിസ്ഥിതി സൗഹൃദപരമായ ഡിസൈനുകൾക്കും സാങ്കേതികവിദ്യകൾക്കും മുൻഗണന. ഡിസൈൻ ഫിലോസഫിയും അത്യാധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള കോമ്പിനേഷൻ ഇതൊക്കെ പ്രധാനമാണ്. വിജയികളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്.
വിജയികൾക്ക് 4.5 ലക്ഷം രൂപ വരെ ക്യാഷ് പ്രൈസ് ലഭിക്കും. മാരുതി സുസുക്കിയിൽ ആറുമാസത്തെ നേരിട്ടുള്ള ഇന്റേൺഷിപ്പ് ചെയ്യാനുള്ള സുവർണ്ണാവസരം വിജയികൾക്ക് ലഭിക്കും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ 25 ടീമുകൾക്ക് ഓട്ടോമോട്ടീവ് ഡിസൈൻ രംഗത്തെ വിദഗ്ധരിൽ നിന്ന് നേരിട്ട് പരിശീലനം ലഭിക്കും.
ഓട്ടോമോട്ടീവ് ഡിസൈൻ എന്നത് വെറും സൗന്ദര്യശാസ്ത്രം മാത്രമല്ലെന്നും അത് നവീകരണത്തിന്റെയും സർഗ്ഗാത്മകതയുടെയും സമന്വയമാണെന്നും മാരുതി സുസുക്കി ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ ഹിസാഷി ടാകെച്ചി പറഞ്ഞു. "ആദ്യ പതിപ്പിലെ മികച്ച പ്രതികരണം രാജ്യത്തെ ഡിസൈൻ പ്രതിഭകളുടെ കഴിവ് വ്യക്തമാക്കുന്നതായിരുന്നു. യുവ ഡിസൈനർമാർക്ക് അവരുടെ ധീരമായ ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പ്ലാറ്റ്‌ഫോമാണ് രണ്ടാമത്തെ എഡിഷനിലൂടെ ഞങ്ങൾ ഒരുക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
2025ൽ നടന്ന ആദ്യ എഡിഷനിൽ ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും 70 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നായി 400ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികൾ നിലവിൽ മാരുതി സുസുക്കിയുടെ ഡിസൈൻ ടീമിനൊപ്പം ആറുമാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കി വരികയാണ്. ഈ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഡിസൈൻ വിദ്യാർഥികൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ വേദികളിലൊന്നായി ഡിസൈൻ എക്സാത്തോൺ 2026 മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

