പരീക്ഷണയോട്ടം പൂർത്തീകരിച്ച് ഗ്രാൻഡ് വിറ്റാര വൈ 17; പുതിയ 7 സീറ്റർ ഉടനെന്ന് മാരുതി
text_fieldsഇന്ത്യൻ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അവരുടെ 7 സീറ്ററുകളായ എർട്ടിഗ, ഈക്കോ, ഇൻവിക്റ്റോ, എക്സ്.എൽ 6 തുടങ്ങിയ വാഹനങ്ങൾക്ക് ശേഷം വീണ്ടും പുതിയ 7 സീറ്റർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. മാരുതി എസ്.യു.വി സെഗ്‌മെന്റിലെ 5 സീറ്റർ മോഡലായ ഗ്രാൻഡ് വിറ്റാരയാണ് ഇനി 7 സീറ്റർ ആയി ഇറക്കുന്നത്. വൈ 17 എന്ന പേരിൽ അവതരിപ്പിക്കുന്ന വാഹനം ഹരിയാനയിലെ ഖാർഖോഡ പ്ലാന്റിലാകും നിർമിക്കുകയെന്ന് കമ്പനി പറഞ്ഞു. ഖാർഖോഡ പ്ലാന്റിന് സമീപത്ത് ടെസ്റ്റ് ഡ്രൈവ് പൂർത്തിയാക്കിയ വാഹനം ഇതിനോടകം സമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
മാരുതിയുടെ വൈദ്യുത വാഹനമായ ഇ - വിറ്റാരയുടെ ഡിസൈൻ പ്രചോദനം കൊണ്ടാണ് ഗ്രാൻഡ് വിറ്റാര വൈ 17 നിർമിക്കുന്നത്. ആഗോള സി- പ്ലാറ്റഫോമിനെ അടിസ്ഥാനമാക്കിയാകും നിർമ്മാണം. ഏഴ് സീറ്റുള്ള വിറ്റാരക്ക് നീളമേറിയ സൈഡ് പ്രൊഫൈലും പുതിയ അലോയ്‌വീലുകളും ഉണ്ടാകും. മുൻവശത്തെ പുതുക്കിയ ഗ്രിൽ, പുനർ രൂപകൽപ്പന ചെയ്ത ബമ്പർ, പുതിയ ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡി.ആർ.എൽ) പരിഷ്കരിച്ച ഹെഡ്‌ലാമ്പ് തുടങ്ങിയവയും, പിൻഭാഗത്ത് എൽ.ഇ.ഡി ടെയിൽലാമ്പുകൾ, ഷാർക്-ഫിൻ ആൻ്റിന, പുതിയ റിയർ ബമ്പർ എന്നിവ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
വാഹനത്തിനകത്ത് വലിയ ഇൻഫോടെയ്ൻമെൻ്റ് ടച്ച് സ്‌ക്രീനോട് കൂടിയ ഡാഷ്‌ബോർഡുമായി വലിയ ഗ്രാൻഡ് വിറ്റാര വരാൻ സാധ്യതയുണ്ട്. പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻവശത്ത് എ.സി വെൻ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതിയുടെ വാഹങ്ങളിൽ ഇതുവരെ ഉൾപ്പെടുത്താത്ത അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഫീച്ചറും ഒരു സാധ്യതയായി പ്രതീക്ഷിക്കാം.
5 സീറ്റർ ഗ്രാൻഡ് വിറ്റാരയിലെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ തുടങ്ങിയ രണ്ട് എൻജിൻ ഓപ്ഷനുകളും 7 സീറ്ററിലും തുടരാനും ട്രാൻസ്മിഷൻ ഓപ്ഷനുകൾ അഞ്ച് സീറ്റുകളുള്ള ഗ്രാൻഡ് വിറ്റാര പോലെയാകാനുമാണ് സാധ്യത.
ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്.യു.വി 700, മഹീന്ദ്ര സ്‌കോർപിയോ-എൻ, കിയ കാരൻസ്, എം.ജി ഹെക്ടർ പ്ലസ് തുടങ്ങിയ മൂന്ന് നിര എസ്.യു.വികളോടാണ് 7 സീറ്റുള്ള ഗ്രാൻഡ് വിറ്റാര മത്സരിക്കുക. 2025 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന് മാരുതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

