ആൾട്ടോ 800 ഇനിയില്ല, നിർമാണം നിർത്തിയെന്ന് മാരുതി സുസുക്കി
text_fieldsസാധാരണക്കാരന്‍റെ കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കിയ മാരുതി സുസുക്കി ആൾട്ടോ 800 എന്ന ചെറിയ വലിയ വാഹനം നിരത്തൊഴിയുന്നു. ഇരുചക്രവാഹനത്തിൽ നിന്ന് കാർ എന്ന സ്വപ്നത്തിലേക്ക് സാധാരണക്കാരനെ കൈപിടിച്ചുയർത്തിയതിൽ ആൾട്ടോ 800ന്‍റെ പങ്ക് വലുതാണ്. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ 800 നിർത്തലാക്കിയെന്ന് കമ്പനി അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപോർട്ട് ചെയ്തത്.
ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ബി.എസ്.സിക്സ് പേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. പുതുക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ചെറിയ ചെലവിൽ വാഹനം നിർമിക്കാനാവില്ലെന്നാണ് കമ്പനി പറയുന്നത്. നിലവിൽ സ്റ്റോക്കുള്ള ആൾട്ടോ 800കൾ ഷോറൂമുകൾവഴി സ്വന്തമാക്കാം.
2000ൽ ആണ് ആൾട്ടോ എന്ന മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയത്. 2012ൽ ആൾട്ടോ 800 എത്തി. ഇന്നുവരെ 1,700,000 യൂണിറ്റ് ആൾട്ടോ 800 കാറുകളാണ് നിരത്തിലിറങ്ങിയത്. 2016 സാമ്പത്തിക വർഷത്തിൽ മൊത്തം കാർ വിപണിയുടെ 15 ശതമാനം കയ്യടക്കിവെച്ചത് ആൾട്ടോ 800 ആയിരുന്നു.
ഏകദേശം 450,000യൂണിറ്റുകളാണ് വിറ്റുപോയത്. എന്നാൽ 2023 സാമ്പത്തിക വർഷം ഇത് ഏഴ് ശതമാനത്തിൽ താഴെയായി. 250000 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.2010ൽ വിപണിയിൽ പ്രവേശിച്ച ആൾട്ടോ കെ10ന്‍റെ 950,000 യൂണിറ്റുകളും കമ്പനി വിറ്റു. ആൾട്ടോ എന്ന ബ്രാന്‍റിന് കീഴിൽ 4,450,000 കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റത്,
3.54 ലക്ഷം മുതൽ 5.13 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ന്യൂഡൽഹി) വാഹനത്തിന്റെ ഇപ്പോഴത്തെ വില. ആൾട്ടോ 800 നിർത്തലാക്കിയതോടെ ആൾട്ടോ കെ10 ഇനിമുതൽ എൻട്രി ലെവൽ മോഡലായി മാറും. ഇതിതിന്റെ വില 3.99 ലക്ഷം മുതൽ 5.94 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ന്യൂഡൽഹി).
ആൾട്ടോ 800ൽ 796 സിസി പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരുന്നത്. ഇത് 48പി.എസ് പരമാവധി കരുത്തും 69 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്നു. ഇതിന് സി.എൻ.ജി ഓപ്ഷനുമുണ്ട്. സി.എൻ.ജി മോഡിലിന് 41പി.എസ് കരുത്തും 60 എൻ.എം ടോർക്കുമാണുള്ളത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

