ഇടി പരീക്ഷണത്തിൽ തിളക്കമാർന്ന് മാരുതി; ഇൻവിക്ടോ ഇനിമുതൽ 5 സ്റ്റാർ സുരക്ഷയിൽ
text_fieldsമാരുതി സുസുകി ഇൻവിക്ടോ
മാരുതി സുസുക്കിയുടെ വാഹനങ്ങൾ സുരക്ഷയിൽ ഏറ്റവും പിന്നിലാണെന്ന ഡയലോഗുകൾ ഇനിമുതൽ വെറും പഴങ്കഥകൾ. സ്വിഫ്റ്റ് ഡിസയറിനും പുതിയ വിക്ടോറിസും ശേഷം ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ബി.എൻ.സി.എ.പി) ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷയിൽ തിളങ്ങി മാരുതിയുടെ എം.പി.വി സെഗ്‌മെന്റിലെ 7 സീറ്റർ വാഹനമായ ഇൻവിക്ടോ. മുതിർന്നവരുടെ സുരക്ഷയിൽ 32 പോയിന്റിൽ 30.43 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 45 പോയിന്റും നേടിയാണ് ഇൻവിക്ടോ എം.പി.വി ഈ നേട്ടം സ്വന്തമാക്കിയത്.
ഇൻവിക്ടോയുടെ മുൻവശം ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 16ൽ 14.43 പോയിന്റും സൈഡ് വശത്തെ ക്രാഷ് ടെസ്റ്റിൽ 16ൽ 16 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ ഡൈനാമിക് സ്കോറായ 24 പോയിന്റും സി.ആർ.എസ് ഇൻസ്റ്റാളേഷൻ സ്‌കോറിൽ 12 പോയിന്റും വെഹിക്കിൾ അസസ്മെന്റ് സ്‌കോറിൽ 13ൽ 9 പോയിന്റും ഇൻവിക്ടോ സ്വന്തമാക്കി.
അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയ ഇൻവിക്ടോ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. കൂടാതെ ഇ കാൾ ഫങ്ഷനോടെ സുസുക്കി കണക്ടഡ് അഡ്വാൻസ്ഡ് ഫീച്ചർ, ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്സ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (ടി.പി.എം.എസ്), ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇ.ബി.ടിയോട് കൂടെ എ.ബി.എസ് സിസ്റ്റം, ഹിൽ-ഹോൾഡ് അസിസ്റ്റ്, 3 പോയിന്റ് ഇ.എൽ.ആർ സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റബെൽറ്റ്, 360-ഡിഗ്രി കാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകൾ മാരുതി ഇൻവിക്ടോ എം.പി.വിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
മാരുതിയുടെ പുതിയനയമനുസരിച്ച് വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കലാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യമെന്ന് സി.ഇ.ഒ ഹിസാഷി ടകൂച്ചി പറഞ്ഞു. പ്രീമിയം സ്ട്രോങ്ങ് ഹൈബ്രിഡ് എം.പി.വി വാഹനമായ ഇൻവിക്ടോ ബി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻട്രി മോഡൽ വാഹനങ്ങളായ ആൾട്ടോ കെ10, സെലേറിയോ ഹാച്ച്ബാക്ക് കാറുകളായ വാഗൺ ആർ, സ്വിഫ്റ്റ്, ബലെനോ എസ്.യു.വി സെഗ്‌മെന്റുകളിൽ ബ്രെസ, വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ജിംനി, ഫ്രോങ്സ് എന്നിവയും ഡിസയർ, എർട്ടിഗ, ഇക്കോ, ഇൻവിക്ടോ തുടങ്ങിയ 15 വാഹനങ്ങളുടെ 157 വകഭേദങ്ങളിലുമായി ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകുമെന്നും ഹിസാഷി ടകൂച്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

