പുതിയ വാഹനങ്ങളുടെ മീറ്ററിൽ കൃത്രിമം: ഡീലർക്ക് രണ്ടുലക്ഷം രൂപ പിഴ
text_fieldsമലപ്പുറം: പുതിയ വണ്ടികളിൽ ഡീലർമാരുടെ കൃത്രിമത്തിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഡീലർമാരുടെ ഉത്തരവാദിത്തത്തിലുള്ള പുതിയ വാഹനങ്ങളിൽ ഓഡോമീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. കൃത്രിമം നടത്തിയ ഡീലർക്ക് രണ്ടുലക്ഷം രൂപ പിഴ വിധിച്ചു.
വിൽപനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണിക്കാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് കൃത്രിമം നടത്തുന്നത്.
ഇത് മോട്ടോർ വാഹന നിയമത്തിന്‍റെ ലംഘനമായതിനാൽ ഡീലർക്കെതിരെ പിഴ ചുമത്താം. കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയിൽ പൊതുസ്ഥലത്ത് പ്രദർശനത്തിന് വെച്ച രണ്ട് മോട്ടോർ സൈക്കിൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോൾ ഇരുവാഹനങ്ങളിലെയും ഓഡോമീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി.
പെരിന്തൽമണ്ണയിലെ ഡീലറുടെ കൈവശത്തിലുള്ള ബൈക്കുകൾക്ക് ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തതിനാൽ 1,03,000 രൂപ വീതം മൊത്തം 2,06,000 രൂപ പിഴ ചുമത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിന്‍റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്നുമാസം മുമ്പും ഇതുപോലെ ഒരു കാർ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

