Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപഴയ കാർ വിൽക്കാൻ...

പഴയ കാർ വിൽക്കാൻ തോന്നുന്നി​ല്ലെങ്കിൽ ഇതൊന്ന്​ പരീക്ഷിച്ചാലോ? -മാരുതി സെൻ കിടക്കയാക്കി മാറ്റുന്നത്​ കാണാം

text_fields
bookmark_border
പഴയ കാർ വിൽക്കാൻ തോന്നുന്നി​ല്ലെങ്കിൽ ഇതൊന്ന്​ പരീക്ഷിച്ചാലോ? -മാരുതി സെൻ കിടക്കയാക്കി മാറ്റുന്നത്​ കാണാം
cancel

ചിലർക്ക്​ അങ്ങിനെയാണ്​. ഉപയോഗിച്ച്​ കൊണ്ടിരിക്കുന്ന വാഹനം ഉപേക്ഷിക്കാൻ തോന്നില്ല. ആദ്യമായി സ്വന്തമാക്കിയ വാഹനമാണെങ്കിൽ പ്രത്യേകിച്ചും. ഡൽഹിയിലെ രോഹൻ സൂദ്​ എന്നയാൾക്കും അതുതന്നെയായിരുന്നു പ്രശ്​നം. ഒരു 1998 മോഡൽ മാരുതി സെൻ ഉണ്ട്​. വാഹനത്തിന് 20 വർഷം പഴക്കമുള്ളതിനാൽ നിയമപരമായി അത് നിരത്തിൽ ഇറക്കാനും കഴിയില്ല.

മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ കാർ എന്തുചെയ്യുമെന്ന ചിന്തയിലായി രോഹൻ​. ഹരിയാനയിലെ ഒരു വിദൂര ഗ്രാമത്തിലുള്ള പ്രോജക്റ്റ് സൈറ്റിൽ തൊഴിലാളികൾ, ഉപകരണങ്ങൾ തുടങ്ങിയവ എത്തിക്കാൻ ഉപയോഗിച്ചിരുന്ന കാർ 57,000 കിലോമീറ്റർ മാത്രമാണ്​ ഓടിയിരുന്നത്​.

കാർ ഡൽഹി എൻ.സി.ആറിൽ ആയതിനാൽ എൻ.ജി.ടിയുടെ ചട്ടങ്ങൾ കാരണം നിയമപരമായി പൊതുവഴികളിൽ ഓടിക്കാൻ കഴിയില്ല. മറ്റൊരു സംസ്ഥാനത്ത് നിന്ന് ഉപഭോക്താവിനെ കണ്ടെത്തി ഇത്രയും പഴയ കാറിന് ആർ.ടി.ഒയിൽ നിന്ന് നോ ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റ്​ നേടുന്നതിന്​ നൂലാമാലകൾ ഏറെയുണ്ട്​ താനും.

അങ്ങിനെയാണ്​ നിരത്തിലിറക്കാൻ കഴിയാത്ത കാർ ഉപകാരപ്രദമായ രൂപത്തിലേക്ക്​ മാറ്റാൻ ആലോചിച്ചത്​. സഹോദരൻ രാഘവുമായി നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷം ഇവരുടെ ഫാക്​ടറിയിൽ വെച്ച്​ കാറിനെ കിടക്കയാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഡിസൈനിങ്​ വാഹനപ്രേമിയായ രാഘവ്​ തന്നെ ഏറ്റെടുത്തു.


കാറിൽ നിന്ന് എൻജിൻ പുറത്തെടുത്ത് ഒരു കോളജ് പ്രോജക്​ടിനായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ജനറേറ്ററാക്കി മാറ്റുകയാണ്​ ആദ്യം ചെയ്​തത്​. പിന്നീട്​ സീറ്റ്, സ്റ്റിയറിങ്​, വയറിങുകൾ, പെട്രോൾ ടാങ്ക് തുടങ്ങിയവയെല്ലാം നീക്കം ചെയ്​തു. തുടർന്ന്​ കാറിന്‍റെ റൂഫും പില്ലറുകളിൽ നിന്ന്​ നീക്കി. ബോഡിയിൽ പക്ഷേ കാര്യമായ മാറ്റങ്ങൾ വരുത്തിയുമില്ല. കൂർത്ത ഭാഗങ്ങൾ മിനുക്കിയ ശേഷം അവിടെ സ്പോഞ്ച് ഉപയോഗിച്ച് മൃദുവാക്കി. ബോഡിയുടെ അരികുകളുമായി ചേർന്നുപോകുന്ന ഒരു പ്ലൈവുഡ്​ ബോർഡിലാണ്​ കിടക്ക ക്രമീകരിച്ചത്​. ഭാരം കാരണം കിടക്ക കുഴിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കാൻ തടി ബോർഡിന് താഴെയായി ഒരു മെറ്റൽ ഫ്രെയിമും നൽകി.


ഡോറുകൾ‌ പ്രവർ‌ത്തിക്കുന്ന അവസ്ഥയിൽ തന്നെ നിലനിർത്തി. ബെഡിന് താഴെയായി ഒരുക്കിയിരിക്കുന്ന സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്നതിന്​ വേണ്ടിയാണിത്​. പ്ലൈവുഡ് മടക്കിയും ഡോറുകൾ തുറന്നും ബെഡിന് താഴെയുള്ള ഈ സ്റ്റോറേജ് സ്പേസ് ഉപയോഗിക്കാൻ കഴിയും. കാറിന്‍റെ എൻജിൻ കമ്പാർട്ട്​മെന്‍റിന്‍റെ ഭാഗത്ത്​ ബ്ലൂടൂത്ത് സ്​പീക്കർ നൽകിയിട്ടുണ്ട്​. കാറിന്‍റെ ലുക്ക്​ നിലനിർത്താനായി ഹെഡ്​ലാമ്പും ടെയ്​ൽ ലാമ്പും എൽഇഡി ബൾബുകൾ ഇട്ട്​ അതുപോലെ തന്നെ നിലനിർത്തുകയും ചെയ്​തു. കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ ഈ മാറ്റങ്ങൾ കാർടോഖ്​ എന്ന ഓ​ട്ടോമൊബൈൽ വെബ്​സൈറ്റ്​ വാർത്തയാക്കിയതോടെ ഇപ്പോൾ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്​.

Show Full Article
TAGS:car bed viral automobiles stories man converts old car into bed 
News Summary - Man converts his 20 year old Maruti Zen into bed
Next Story