ടർബോ പെട്രോളിന്റെ അതേ കരുത്തിൽ സിഎൻജി വേരിയന്റ്: 24 കിലോമീറ്ററിലധികം മൈലേജ്; മഹീന്ദ്ര എക്സ്.യു.വി 3XO സിഎൻജി വിപണിയിൽ
text_fieldsമഹീന്ദ്ര XUV 3XO CNG
മഹീന്ദ്രയുടെ ജനപ്രിയ കോംപാക്റ്റ് എസ്യുവിയായ എക്സ്.യു.വി 3XOയുടെ സിഎൻജി പതിപ്പ് ഔദ്യോഗികമായി കമ്പനി വിപണിയിൽ പുറത്തിറങ്ങി. പേരിലെ വ്യത്യാസത്തിനായി 'ZNG' സഫിക്സോടെയാണ് വാഹനം എത്തിയിരിക്കുന്നത്. കെയുവി 100ന് ശേഷം മഹീന്ദ്രയിൽ നിന്നും ഫാക്ടറി ഫിറ്റഡ് സിഎൻജിയുമായി എത്തുന്ന ആദ്യ പാസഞ്ചർ വാഹനം കൂടിയാണിത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകൾക്ക് പുറമെ നാലാമതൊരു ഫ്യൂവൽ ഓപ്ഷൻ കൂടിയായാണ് എക്സ്.യു.വി 3XO നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്.
9.99 ലക്ഷം രൂപയാണ് പുതിയ സിഎൻജി വകഭേദത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. നാല് വ്യത്യസ്ത വേരിയന്റുകളിലായി വാഹനം വിപണിയിൽ ലഭ്യമാണ്. പ്രാരംഭ മോഡലായ MX Edge ZNG, 9.99 ലക്ഷം രൂപയിലും മിഡ് എൻഡായ REVX Edge (O) ZNG വേരിയന്റിന് 10.79 ലക്ഷം രൂപയും ടോപ് എൻഡ് വകഭേദത്തിന് തൊട്ടുതാഴെയുള്ള AX5 ZNG വേരിയന്റിന് 11.19 ലക്ഷം രൂപയും ടോപ്പ് എൻഡ് REVX A ZNG മോഡലിന് 12.27 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ഇരട്ട സിലിണ്ടർ സംവിധാനവും ബൂട്ട് സ്പേസും
സാധാരണ സിഎൻജി കാറുകളിൽ നിന്ന് വ്യത്യസ്തമായി, ബൂട്ട് സ്പേസ് പൂർണമായി നഷ്ടപ്പെടാത്ത രീതിയിലാണ് വാഹനത്തിന്റെ ഡിസൈൻ. കാറിന്റെ ബൂട്ട് ഫ്ലോറിനടിയിലായി രണ്ട് സിലിണ്ടറുകൾ ഘടിപ്പിച്ചിരിക്കുന്ന ട്വിൻ-സിലിണ്ടർ (Twin-Cylinder) സ്റ്റോറേജാണ് നൽകിയിരിക്കുന്നത്. ഇതുവഴി സിലിണ്ടറിന് മുകളിലായി ലഗേജുകൾ സൂക്ഷിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കുന്നു. കൂടാതെ സ്പെയർ വീൽ വാഹനത്തിന് അടിയിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
കാറിനുള്ളിലെ ഡാഷ്ബോർഡിൽ ഹെഡ്ലൈറ്റ് ലെവലറിന് സമീപവും ഓട്ടോ എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണിന് മുകളിലുമായി പ്രത്യേക സിഎൻജി-പെട്രോൾ സ്വിച്ച് നൽകിയിട്ടുണ്ട്. പെട്രോൾ, സിഎൻജി ലെവലുകൾ ഒരേസമയം നിരീക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരിച്ചിരിക്കുന്നത്.
എൻജിൻ കരുത്തും മൈലേജും
1.2 ലിറ്റർ ടർബോചാർജ്ഡ് MPFI പെട്രോൾ എൻജിനെ അടിസ്ഥാനമാക്കിയാണ് എക്സ്.യു.വി 3XO ZNG പ്രവർത്തിക്കുന്നത്. പെട്രോളിലും സിഎൻജിയിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന ബൈ-ഫ്യൂവൽ (Bi-fuel) എൻജിനാണിത്. സിഎൻജി മോഡിൽ പ്രവർത്തിക്കുമ്പോൾ വാഹനം 114 എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇൻഡസ്ട്രി സ്റ്റാൻഡേർഡായ 5-6 ബാറിന് പകരം 10-ബാർ ഇൻജെക്ഷൻ പ്രഷറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സിഎൻജി മോഡിൽ 24.7 കിലോമീറ്റർ/കിലോഗ്രാം (km/kg) ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.9 സെക്കൻഡും, 100 കിലോമീറ്റർ വേഗതയിലെത്താൻ 11.8 സെക്കൻഡും മതി. സിഎൻജി ഉപകരണങ്ങൾ കാരണം ഭാരം താങ്ങാൻ പാകത്തിൽ വാഹനത്തിന്റെ റിയർ സസ്പെൻഷൻ പരിഷ്കരിച്ചിട്ടുണ്ട്.
സുരക്ഷക്ക് പ്രാധാന്യം
ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര സിഎൻജി പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, ദൃഢമായ ചേസിസ് തുടങ്ങിയവക്ക് പുറമെ സിഎൻജി കിറ്റ് ഘടിപ്പിച്ചാലും വാഹനം ഫൈവ്-സ്റ്റാർ ക്രാഷ് റേറ്റിങ് നിലനിർത്തിയുള്ള രീതിയിലാണ് ബോഡി ഘടന രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
കുറഞ്ഞ റണ്ണിങ് കോസ്റ്റ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടെത്തുന്ന മഹീന്ദ്ര എക്സ്.യു.വി 3XO ZNG, ഇന്ത്യൻ വിപണിയിൽ പ്രധാനമായും മത്സരിക്കുന്നത് മാരുതി സുസുക്കി ബ്രെസ്സ സിഎൻജി (Maruti Suzuki Brezza CNG), ടാറ്റ നെക്സോൺ സിഎൻജി (Tata Nexon CNG) എന്നീ മോഡലുകളോടാണ്. മികച്ച ഫീച്ചറുകളും പ്രകടനവും ആഗ്രഹിക്കുന്ന കോംപാക്റ്റ് എസ്യുവി പ്രേമികൾക്ക് ഇതൊരു മികച്ച തെരഞ്ഞെടുപ്പായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

