
ലക്ഷപ്രഭു ഥാർ; വിൽപ്പനയിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് ലൈഫ്സ്റ്റെൽ എസ്.യു.വി
text_fieldsവിൽപ്പനയിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര ഥാർ. ലക്ഷം യൂനിറ്റ് നിർമാണമെന്ന നേട്ടമാണ് എസ്.യു.വി മറികടന്നിരിക്കുന്നത്. വിപണിയിലെത്തി രണ്ടര വർഷത്തിനുള്ളിലാണ് മഹീന്ദ്ര സുപ്രധാന നേട്ടം കൈവരിച്ചത്.
2020 ഒക്ടോബറിലാണ് പരിഷ്‍കരിച്ച ഥാർ വിപണിയിലെത്തിയത്. പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പുതിയ സ്റ്റൈലിങ് അപ്‌ഡേറ്റുകൾ, കൂടുതൽ പ്രായോഗികമായ ഇന്റീരിയർ എന്നിങ്ങനെ മാറ്റങ്ങളോടെയാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. കാഴ്ച്ചയിലെ ഗാഭീര്യത പെർഫോമൻസിലും സേഫ്റ്റിയിലും കാട്ടിയപ്പോൾ പുത്തൻ മോഡലിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴും ഉയർന്ന ഡിമാന്റുള്ള മഹീന്ദ്ര ഥാറിന് 18 മാസത്തോളമാണ് വെയിറ്റിങ് പിരീഡ്. കോവിഡും സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമവും എല്ലാമാണ് ഉയർന്ന കാത്തിരിപ്പ് കാലയളവിന് കാരണം. ഒരു ലക്ഷം യൂനിറ്റുകളെന്ന നേട്ടം ഥാറിന്റെ ജനപ്രീതിയും രാജ്യത്ത് എസ്‌യുവികളുടെ വർധിച്ചുവരുന്ന ഡിമാൻഡും എടുത്തുകാണിക്കുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.
ഥാർ ഇപ്പോൾ റിയർവീൽ, ഫോർവീൽ ഡ്രൈവ് വേരിയന്റുകളിൽ ലഭ്യമാണ്. ഓഫ്-റോഡിംഗ് സാഹസികത ആഗ്രഹിക്കുന്നവർക്കായി ഥാറിന്റെ 4x4 വേരിയന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിങ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകൾ ഏത് കുന്നും മലയും താണ്ടാൻ വാഹനത്തെ സഹായിക്കും.
എസ്‌യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റുകൾക്ക് XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് ലഭ്യമാവുന്നത്. D117 ഡീസൽ എഞ്ചിൻ 117 bhp കരുത്തിൽ 300 Nm ടോർകും ഉത്പാദിപ്പിക്കും. റിയർ വീൽ ഡ്രൈവ് വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 11.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം മറുവശത്ത് 4X4 മോഡലുകൾക്ക് 13.59 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാകും.