
അഞ്ചാമതും എക്സ്.യു.വി 700 തിരിച്ചുവിളിച്ച് മഹീന്ദ്ര; ഇത്തവണ വയറിങ് തകരാർ
text_fieldsഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ എക്സ്.യു.വി 700 തിരിച്ചുവിളിച്ച് മഹീന്ദ്ര. ഇലക്ട്രിക് എസ്.യു.വിയായ എക്സ്.യു.വി 400ഉം തിരിച്ചുവിളിച്ചിട്ടുണ്ട്. ആകെ 1.10 ലക്ഷം യൂനിറ്റുകളാണ് തിരിച്ചുവിളിക്കുന്നതായി മഹീന്ദ്ര ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിൽ എക്സ്.യു.വി 700 എസ്‌യുവിയുടെ 1,08,306 യൂനിറ്റുകളും ഇന്ത്യൻ വിപണിയിലെ ആദ്യ ഇലക്ട്രിക് എസ്.യു.വിയുടെ 3,560 യൂനിറ്റുകളും ഉൾപ്പെടുന്നുണ്ട്.
എക്സ്.യു.വി 700, എക്സ്.യു.വി 400 വാഹനങ്ങളുടെ എഞ്ചിൻ ബേയിലെ വയറിങ് ലൂം ഔട്ട്‌ഡിംഗ് പരിശോധിക്കാനാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. 2021 ജൂൺ എട്ടിനും 2023 ജൂൺ 28-നും ഇടയിൽ നിർമിച്ച എക്സ്.യു.വി 700 ത്നിറ്റുകളും 2023 ഫെബ്രുവരി 16 മുതൽ 2023 ജൂൺ 5 വരെ നിർമിച്ച എക്സ്.യു.വി 400 യൂനിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്.
വാഹന ഉടമകളെ മഹീന്ദ്ര വ്യക്തിഗതമായി ബന്ധപ്പെടും. തകരാർ കണ്ടുപിടിച്ചാൽ സൗജന്യമായി വാഹനം റിപ്പയർ ചെയ്‌ത് നൽകുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ വിൽക്കുന്ന പ്രീമിയം എസ്‌യുവികളുടെ മുൻനിരയിലാണ് എക്സ്.യു.വി 700. 2021 ഓഗസ്റ്റിൽ അവതരിപ്പിച്ച മോഡലിന് വൻസ്വീകാര്യതയാണ് ഇപ്പോഴുമുള്ളത്. ഈ ഫ്ലാഗ്ഷിപ്പ് മോഡലിന് 14.01 ലക്ഷം രൂപ മുതൽ 26.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
16 ലക്ഷം മുതല്‍ 19.2 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് എസ്‌യുവിയായ എക്സ്.യു.വി 400 രണ്ട് വേരിയന്റുകളിൽ സ്വന്തമാക്കാം. എൻട്രി ലെവൽ EC വേരിയന്റിന് 150 bhp പവറിൽ പരമാവധി 310 Nm ടോർക് നൽകുന്ന 34.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇതിന് 375 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.