ഹൈലക്സിനും വി ക്രോസിനും വെല്ലുവിളിയോ? മഹീന്ദ്ര 'സ്കോർപിയോ ലൈഫ്സ്റ്റൈലർ പിക്കപ്പ് ട്രക്ക്' ഇന്ത്യയിൽ അവതരിപ്പിച്ചു
text_fieldsമഹീന്ദ്ര സ്കോർപിയോ ലൈഫ്സ്റ്റൈലർ പിക്കപ്പ് ട്രക്ക്
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യൻ വാഹന വിപണിയിലേക്ക് ഓരോ പുതിയ മോഡലുകൾ എത്തിക്കുന്നത് ഇത്തവണയും അതേപടി നിലനിർത്തി തങ്ങളുടെ ഏറ്റവും പുതിയ പിക്കപ്പ് ട്രക്കായ 'സ്കോർപിയോ ലൈഫ്സ്റ്റൈലർ' (Mahindra Scorpio Lifestyler) ഇന്ത്യൻ വിപണിക്കായി ഔദ്യോഗികമായി അവതരിപ്പിച്ചു. 2027 ഏപ്രിലിൽ വാഹനം ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ 'സ്കോർപിയോ ലൈഫ്സ്റ്റൈലർ' എന്ന പേരിൽ അറിയപ്പെടുന്ന വാഹനം ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ 'ലൈഫ്സ്റ്റൈലർ' (Lifestyler) എന്ന പേരിൽ മാത്രമാകും വിൽപ്പനക്കെത്തുക.
ടൊയോട്ട ഹൈലക്സ് (Toyota Hilux), ഇസൂസു വി-ക്രോസ് (Isuzu V-Cross) തുടങ്ങിയ മോഡലുകളോടാകും ഇന്ത്യൻ വിപണിയിൽ സ്കോർപിയോ ലൈഫ്സ്റ്റൈലർ പ്രധാനമായും മത്സരിക്കുക. പിക്കപ്പ് ട്രക്കിന്റെ പ്രാരംഭ വില 19.79 ലക്ഷം രൂപക്ക് താഴെയായിരിക്കുമെന്ന് (എക്സ്-ഷോറൂം) മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ടൊയോട്ട ഹൈലക്സ്, ഇസൂസു തുടങ്ങിയ എതിരാളികളുടെ വില 25 ലക്ഷത്തിന് മുകളിൽ ആരംഭിക്കുന്ന സാഹചര്യത്തിൽ മഹീന്ദ്രയുടെ വില നിർണയം വിപണിയിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എങ്കിലും, ഉയർന്ന വകഭേദങ്ങളുടെ (Top-spec variants) വില വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ പിക്കപ്പ് ട്രക്കുകളെ അനുസ്മരിപ്പിക്കുന്ന കരുത്തുറ്റ ഡിസൈനിലാണ് സ്കോർപിയോ ലൈഫ്സ്റ്റൈലർ ഇന്ത്യയിൽ എത്തുന്നത്. മുൻവശത്തായി മഹീന്ദ്രയുടെ പുതിയ 'ട്വിൻ പീക്സ്' ലോഗോയോട് കൂടിയ വലിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലാണ് പ്രധാന ആകർഷണം. ഇതിനൊപ്പം ഇരുവശത്തുമായി ഡി.ആർ.എല്ലുകളോട് (DRL) കൂടിയ ഹൈ-സെറ്റ് ഹെഡ്‌ലാമ്പുകളും നൽകിയിട്ടുണ്ട്. കുത്തനെ നൽകിയിരിക്കുന്ന ഫോഗ് ലാമ്പുകൾക്കായുള്ള ചതുരാകൃതിയിലുള്ള ഹൗസിങ്ങും ബുൾബാർ ഡിസൈനിലുള്ള മുൻ ബമ്പറും വാഹനത്തിന് കൂടുതൽ ഗാംഭീര്യം നൽകുന്നു.
ഡബിൾ ക്യാബ് (Double-cab) ലേഔട്ടിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 255/65 R18 ടയറുകളോട് കൂടിയ ഡ്യുവൽ-ടോൺ 18 ഇഞ്ച് അലോയ് വീലുകൾ, കട്ടിയുള്ള സൈഡ് ക്ലാഡിങ്ങുകൾ, കിങ്ക്ഡ് ബെൽറ്റ്‌ലൈൻ, റൂഫ് റെയിലുകൾ എന്നിവ വാഹനത്തിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. പിൻവശത്തായി സി-ഷേപ്പിലുള്ള ഡി.ആർ.എല്ലുകൾക്കൊപ്പം കുത്തനെ നൽകിയിട്ടുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ കാണാം. ടെയിൽ ഗേറ്റിൽ 'മഹീന്ദ്ര' എന്ന് വലിയ അക്ഷരത്തിൽ എംബോസ് ചെയ്തിട്ടുണ്ട്. മുൻ ബമ്പറിന് സമാനമായി പരുക്കൻ ലുക്കിലാണ് പിൻ ബമ്പറും ഒരുക്കിയിട്ടുള്ളത്.
വയർലെസ് ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, വിവിധ ഡ്രൈവിങ് സാഹചര്യങ്ങൾക്കായുള്ള ടെറൈൻ മോഡുകൾ (Terrain modes) തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്കോർപിയോ എൻ (Scorpio N) എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിനുകൾ തന്നെയാകും ലൈഫ്സ്റ്റൈലറിനും കരുത്തേകുക എന്നാണ് കരുതുന്നത്.
സ്കോർപിയോ എൻ മോഡലിൽ നൽകിയിരിക്കുന്ന 2.2-ലിറ്റർ ഡീസൽ എൻജിൻ 175 എച്ച്.പി കരുത്ത് പകരുമ്പോൾ 2.0-ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ 203 എച്ച്.പി കരുത്ത് നൽകുന്നുണ്ട്. മോഡലിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഓഫ്-റോഡിങ്ങിന് അനുയോജ്യമായ വാഹനം എന്ന നിലയിൽ ഫോർ വീൽ ഡ്രൈവ് (4WD) സിസ്റ്റവും വാഹനത്തിൽ ഉൾപ്പെടുത്തും.
2023ൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ വെച്ച് മഹീന്ദ്ര പ്രദർശിപ്പിച്ച 'ഗ്ലോബൽ പിക്ക് അപ്പ്' (Global Pik Up) കൺസെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്കോർപിയോ ലൈഫ്സ്റ്റൈലർ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ പൂർണമായും സജീവമായിട്ടില്ലാത്ത ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിപണിയിൽ വലിയൊരു മാറ്റം കൊണ്ടുവരാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

