ഇന്ത്യൻ സൈന്യത്തിനായി കരുത്തുറ്റ 'ഥാർ റോക്സ് എ.ടി.വി' പുറത്തിറക്കി മഹീന്ദ്ര
text_fieldsഥാർ റോക്സ് എ.ടി.വി
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന സൈനികർക്കായി അത്യാധുനിക സൗകര്യങ്ങളുള്ള എ.ടി.വി (ഓൾ-ടെറൈൻ വെഹിക്കിൾ) അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിലവിൽ വിപണിയിലുള്ള 5 ഡോർ ഥാർ റോക്സിനെ അടിസ്ഥാനമാക്കിയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് എ.ടി.വി വാഹനം സൈന്യത്തിനായി സമർപ്പിച്ചത്.
വാഹനം ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ പരീക്ഷണ ഓട്ടങ്ങൾക്കായി കൈമാറും. സൈന്യത്തിന്റെ ആവശ്യകതകൾ പരിഗണിച്ച ശേഷമായിരിക്കും ഇതിന്റെ നിർമാണ ഓർഡറുകൾ മഹീന്ദ്ര സ്വീകരിക്കുക. അർമാഡോ, മാർക്സ്മാൻ, സ്കോർപ്പിയോ ക്ലാസിക് തുടങ്ങിയ വാഹനങ്ങൾക്ക് ശേഷം മഹീന്ദ്ര സൈന്യത്തിനായി ഒരുക്കുന്ന മറ്റൊരു സുപ്രധാന മോഡലാണിത്.
172 എച്ച്.പി കരുത്തും 400 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എ.ടി.വിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 4x4 ഡ്രൈവ് ലേഔട്ടും മോഡലിന് കൂടുതൽ കരുത്തേകുന്നു. വാഹനത്തിന് ഭാരം കുറക്കുന്നതിനായി സാധാരണ വാതിലുകൾക്ക് പകരം മെറ്റൽ പൈപ്പ് യൂണിറ്റുകളാണ് നൽകിയിരിക്കുന്നത്. മേൽക്കൂര നീക്കം ചെയ്ത് പകരം 360 ഡിഗ്രി തിരിക്കാവുന്ന മെഷീൻ ഗൺ ടററ്റോട് കൂടിയ റോൾ കേജ് (Roll Cage) സ്ഥാപിച്ചിട്ടുണ്ട്.
18 ഇഞ്ച് ഓൾ-ടെറൈൻ ടയറുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പാറക്കെട്ടുകൾക്കിടയിലൂടെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്ന 'റോക്ക് സ്ലൈഡറുകൾ' എന്നിവ എ.ടി.വി മോഡലിന്റെ പ്രത്യേകതയാണ്. കുടുങ്ങിക്കിടക്കുന്ന ഇടങ്ങളിൽ നിന്ന് വാഹനത്തെ വലിച്ചുയർത്താൻ മുൻവശത്ത് വിഞ്ച് (Winch), റിപ്പയറിങ്ങിനായി ബോണറ്റിൽ ഫാം ജാക്ക്, അധിക ഇന്ധനത്തിനായി ജെറിക്കാൻ ഹോൾഡർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വിമാനങ്ങളിൽ നിന്നോ ഹെലികോപ്റ്ററുകളിൽ നിന്നോ താഴേക്ക് ഇറക്കാൻ സഹായിക്കുന്ന റൈൻഫോഴ്സ്ഡ് ഹോയിസ്റ്റ് ബ്രാക്കറ്റുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.
സൈനികർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ ഉൾഭാഗം ഒരുക്കിയിരിക്കുന്നത്. സീറ്റുകൾക്ക് ഇന്ത്യൻ ആർമിയുടെ വാഹനങ്ങളോട് സാമ്യമുള്ള ആർമി ഗ്രീൻ ഫിനിഷാണ് നൽകിയിരിക്കുന്നത്. കഠിനമായ ഭൂപ്രകൃതിയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വാഹനം സഹായിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.
അതേസമയം, വാഹനത്തിന്റെ നിർമാണ ഗുണനിലവാരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരിട്ട് മനസ്സിലാക്കി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന 'രക്ഷ ത്രിവേണി സംഗമത്തിലാണ്' ഥാർ റോക്സ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ച വാഹനം മന്ത്രി പരിശോധിച്ചത്. ഇന്ത്യൻ ആർമിയുമായി സഹകരിച്ച് നടത്തുന്ന 'സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ച്ചർസ്' പ്രദർശന മേളയിൽ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വാഹനമാണ് ഥാർ റോക്സ് എ.ടി.വി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

