എസ്.യു.വി സെഗ്‌മെന്റിൽ പുത്തൻ വാഹനവുമായി മഹീന്ദ്ര; എക്സ്.യു.വി 7എക്സ്.ഒ ഉടൻ വിപണിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ എസ്.യു.വി സെഗ്‌മെന്റിൽ പുതിയ എക്സ്.യു.വി 7എക്സ്.ഒ വാഹനവുമായി ഉടൻ വിപണിയിൽ. പുത്തൻ ലുക്കിൽ ആധുനിക ഫീച്ചറുകളുമായി 2026 ജനുവരി അഞ്ചാം തിയതി വിപണിയിൽ എത്തുന്ന മോഡലിന്റെ അഡ്വാൻസ് ബുക്കിങ് ഡിസംബർ 15ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി അംഗീകൃത ഡീലർഷിപ്പുകൾ വഴി വാഹനം ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.
മഹീന്ദ്ര 2021ൽ വിപണിയിൽ എത്തിച്ച എക്സ്.യു.വി 700 മോഡലിലെ അതേ എൻജിൻ വകഭേദങ്ങളാകും എക്സ്.യു.വി 7എക്സ്.ഒയിലും പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.0 ലിറ്റർ എംഹോക്ക് ടർബോ-ഡീസൽ എന്നി രണ്ട് എൻജിൻ വകഭേദങ്ങളുമായാണ് എക്സ്.യു.വി 700 എത്തിയത്. പെട്രോൾ എൻജിൻ 200 എച്ച്.പി കരുത്തും 380 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 182 എച്ച്.പി കരുത്തും 450 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തിന് കൂടുതൽ കരുത്ത് നൽകുന്നു.
രണ്ട് എൻജിനുകളും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്സുകളിൽ ലഭ്യമാണ്. കൂടാതെ പെട്രോൾ വകഭേദത്തിന് ഫ്രണ്ട്-വീൽ ഡ്രൈവ് ഓപ്ഷനും ഡീസൽ വകഭേദത്തിന് ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ പവർട്രെയിനും മഹീന്ദ്ര നൽകിയിട്ടുണ്ട്. ഇതേ പവർട്രെയിൻ ഓപ്ഷനുകൾ എക്സ്.യു.വി 7എക്സ്.ഒ മോഡലിലും പ്രതീക്ഷിക്കുന്നുണ്ട്.
മഹീന്ദ്ര എക്സ്.യു.വി 7എക്സ്.ഒ മോഡലിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വന്നിട്ടില്ല. എങ്കിലും ഇലക്ട്രിക് വിപണിയിൽ മഹീന്ദ്ര ഈയടുത്ത് അവതരിപ്പിച്ച എക്സ്.ഇ.വി 9എസ് മോഡലും നിലവിൽ വിൽപ്പന നടത്തുന്ന എക്സ്.യു.വി 700 മോഡലിനോടും ചെറിയ സാമ്യതകൾ എക്സ്.യു.വി 7എക്സ്.ഒയ്ക്ക് ഉണ്ടായേക്കാം. ഡോർ ഹാൻഡിലുകൾ, റൂഫ് റൈൽസ്, അലോയ്-വീലുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

