ടൊയോട്ടക്ക് പിന്നാലെ മഹീന്ദ്രയും; വിപണി പിടിക്കാൻ എക്സ് ഇ.വി 9ഇ, ബി.ഇ 6 ഹൈബ്രിഡുകൾ
text_fieldsമുംബൈ: ലോകപ്രശസ്ത വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ചെയർമാൻ അകിയോ ടൊയോഡയുടെ വാക്കുകൾ ഏറെ വൈറലായതിന് തൊട്ടുപിന്നാലെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് അവരുടെ നിലവിലുള്ള വാഹനനിരകളിൽ ഹൈബ്രിഡ് വകഭേദം ഉൾപെടുത്താൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. അതിന് ഒരു ഉറപ്പുവരുത്തൽ എന്ന നിലയിൽ ഇലക്ട്രിക് വാഹനങ്ങളായ എക്സ് ഇ.വി 9ഇ, ബി.ഇ 6 എന്നീ മോഡലുകൾക്ക് ഹൈബ്രിഡ് പവർട്രെയിൻ കൊണ്ട് വരുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. നിലവിൽ റെക്കോഡ് വിൽപന നേട്ടത്തിലാണ് മഹീന്ദ്രയുടെ എക്സ് ഇ.വി 9ഇ, ബി.ഇ 6 ഇലക്ട്രിക് കാറുകൾ. ഹൈബ്രിഡ് വകഭേദം വരുന്നതോടുകൂടെ കൂടുതൽ പേർ ഈ വാഹനത്തിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് കമ്പനി കരുതുന്നത്.
ഇലക്ട്രിക് കാറുകൾക്ക് വേണ്ടി മഹീന്ദ്ര പ്രത്യേകം നിർമ്മിച്ചിട്ടുള്ള ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് എക്സ് ഇ.വി 9ഇ, ബി.ഇ 6 വാഹനങ്ങൾ നിർമ്മിച്ചിട്ടുള്ളത്. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതും ഈ വാഹങ്ങൾക്കാണ്. 2025 മേയ് മാസത്തിൽ മാത്രം 4,021 യൂനിറ്റ് വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. മറ്റ് കമ്പനികളുടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു നിസാര കണക്കല്ല. ഇൻഗ്ലോ പ്ലാറ്റ്ഫോമിൽ തന്നെയാകും ഹൈബ്രിഡ് വാഹനങ്ങൾ നിർമ്മിക്കുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാകും ഹൈബ്രിഡ് മോഡലിന്റെ കരുത്ത്. ഇതിന്റെ കൂടെ ബാറ്ററിയുടെ കരുത്തുകൂടെ ചേരുമ്പോൾ വാഹനത്തിന് ലഭിക്കുന്ന റേഞ്ചിൽ വലിയ മാറ്റം ഉണ്ടാകുമെന്നും മഹീന്ദ്ര പറഞ്ഞു.
എക്സ് ഇ.വി 9ഇ, ബി.ഇ 6 എന്നീ രണ്ട് മോഡലുകൾക്ക് അഞ്ച് വകഭേദങ്ങളാണുള്ളത്. പാക്ക് വൺ, പാക്ക് വൺ എബൗ, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നിവയാണ്. പാക്ക് വൺ മുതൽ പാക്ക് ത്രീ സെലക്ട് വരെയുള്ള വകഭേദങ്ങളിൽ 59kWh ബാറ്ററിയും പാക്ക് ത്രീയിൽ 79kWh ബാറ്ററിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. എക്സ് ഇ.വി 9ഇ 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ബി.ഇ 6 വാഹങ്ങൾക്ക് 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.
ഇലക്ട്രിക് വാഹനങ്ങളെ കൂടാതെ എസ്.യു.വി വാഹനമായ എക്സ്.യു.വി 3 എക്സ്.ഒ കാറിനും ഹൈബ്രിഡ് വകഭേദം കൊണ്ടുവരാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്. എക്സ്.യു.വി 3 എക്സ്.ഒയിൽ ഇതിനകം തന്നെ 1.2 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളുണ്ട്.
മാരുതി ബ്രസ, ടാറ്റ നെക്‌സോൺ, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ, സ്കോഡ കൈലാഖ് തുടങ്ങിയവയാകും മഹീന്ദ്രയുടെ എതിരാളികൾ. കൂടാതെ മാരുതിയുടെ ബലെനോ, ഫ്രോങ്സ്, സ്വിഫ്റ്റ് എന്നീ ചെറു വാഹനങ്ങൾക്കും ഹൈബ്രിഡ് വകഭേദം കൊണ്ടുവരാൻ മാരുതി ശ്രമിക്കുന്നുണ്ട്. ഹൈബ്രിഡ് വാഹനങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് കൂടുതലാണെങ്കിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത തരത്തിലുള്ള നികുതിയാണ് ചുമത്തുന്നത്. ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങൾ 100 ശതമാനം നികുതിയിളവ് ഹൈബ്രിഡ് വാഹനങ്ങൾക്ക് നൽകുന്നുണ്ട്. ഇ.വികൾക്ക് നൽകുന്ന അതേ നികുതിയിളവ് ഹൈബ്രിഡ് വാഹനങ്ങൾക്കും നൽകിയാൽ വിപണിയിൽ ഇ.വിയെ കടത്തിവെട്ടാൻ ഹൈബ്രിഡ് വകഭേദങ്ങൾക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

