‘ഇത് ജോൺ എബ്രഹാമിന് വേണ്ടി മാത്രം നിർമിച്ചത്’, സ്വന്തം ബാഡ്ജിൽ ഒരു വാഹനം വീട്ടിലെത്തിച്ച് ബോളിവുഡ് സൂപ്പർതാരം
text_fieldsബോളിവുഡ് സൂപ്പർ സ്റ്റാർ ജോൺ അബ്രഹാമിന് ഒരു ആഗ്രഹം.... തന്റെ പേരിൽ ഒരു ഥാർ റോക്ക്സ് വേണമെന്ന്. എന്നാൽ പിന്നെ ആഗ്രഹം നടത്തിക്കൊടുക്കാമെന്ന് മഹീന്ദ്രയും...
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ഡിസൈൻ ആൻഡ് ക്രിയേറ്റിവ് ഓഫീസറായ പ്രതാപ് ബോസിനെ ബോളിവുഡ് നടൻ ജോൺ എബ്രഹാം അടുത്തിടെ കണ്ടുമുട്ടി. കാറുകളോടുള്ള, പ്രത്യേകിച്ച് മഹീന്ദ്ര ഥാർ റോക്സിനോടുള്ള തന്റെ അതിയായ ആഗ്രഹത്തെക്കുറിച്ച് ഇരുവരും ചർച്ചയും നടത്തി. ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി താരത്തിന് വാഹനത്തിൽ പ്രത്യേകമായി എന്തെങ്കിലും സൃഷ്ടിക്കുമെന്ന് ബോസ് സൂചന നൽകിയിരുന്നു. ആ സൂചനകളെല്ലാം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
ധൂം, സത്യമേവ ജയതേ, ഫോഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ജോൺ എബ്രഹാം അടുത്തിടെ തന്റെ മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡെലിവറി എടുത്തു. വാഹനം ജോണിനായി പ്രത്യേകം രൂപകൽപന ചെയ്തതാണെന്നും കൂടുതൽ ഫീച്ചറുകളോടെയാണ് വാഹനം ഡെലിവറി ചെയ്തതെന്നും മഹീന്ദ്ര അറിയിച്ചു.
ജോൺ അബ്രഹാമിന് ലഭിച്ച മഹീന്ദ്ര ഥാർ റോക്ക്സ് സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിലാണ് വരുന്നത്. കൂടാതെ സി-പില്ലറിൽ നടന്റെ പേരിന്റെ ആദ്യ അക്ഷരങ്ങളായ ‘ജെ.എ’ എന്ന ബാഡ്ജിങ്ങും വാഹനത്തിനുണ്ട്. അതോടൊപ്പം തന്നെ പ്രത്യേകം രൂപകൽപന ചെയ്ത 4x4 ബാഡ്ജ് ഇതിന് ലഭിക്കുന്നു.
വാഹനത്തിന്റെ ഉൾവശത്ത് ഒരു മോച്ച ബ്രൗൺ തീം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പാസഞ്ചർ സൈഡ് എ.സി വെന്റിന് താഴെ വാഹന തിരിച്ചറിയൽ നമ്പറിനൊപ്പം ‘ജോൺ എബ്രഹാമിന് വേണ്ടി നിർമിച്ചത്’ എന്നെഴുതിയ മെറ്റാലിക് പ്ലേറ്റ് കമ്പനി നൽകിയിട്ടുണ്ട്. ഇതോടൊപ്പം മഞ്ഞ നിറത്തിൽ ഹെഡ്‌റെസ്റ്റുകളിൽ ‘ജെ.എ’ എന്ന എംബ്രോയിഡറി വർക്കുമുണ്ട്.
എസ്.യു.വിയുടെ ടോപ് മോഡലായ എ.എക്സ്7 എൽ വേരിയന്റിലുള്ള നിരവധി ഫീച്ചറുകളും ജോണിന്റെ വാഹനത്തിൽ ഉൾപ്പെടുത്തി. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 9-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സവിശേഷതകളുമുള്ള വാഹനമാണ് ജോണിനായി കമ്പനി ഒരുക്കിയത്.
സുരക്ഷിത യാത്രക്കായി നടന്റെ മഹീന്ദ്ര ഥാർ റോക്‌സിൽ ആറ് എയർബാഗുകൾ, ഇ.ബി.ഡിയുള്ള എ.ബി.എസ്, 360-ഡിഗ്രി കാമറ, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) തുടങ്ങിയവയും വാഹനത്തിലുണ്ട്. 2.2 ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 172 ബി.എച്ച്.പി കരുത്തും 370 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

